തലശ്ശേരി: നിർമാണം പുരോഗമിക്കുന്ന കൊടുവള്ളി റെയിൽവേ മേൽപാലം ഈ വർഷം തന്നെ തുറന്നു കൊടുക്കാനായേക്കും. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതാണ് കൊടുവള്ളി റെയിൽവേ ഗേറ്റ്. മമ്പറം അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് കൊടുവളളി റെയിൽവേ ഗേറ്റ്.
ട്രെയിൻ കടന്നുപോകാനായി ഗേറ്റ് അടച്ചാൽ രണ്ടു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. ദേശീയപാതയിലടക്കം മിനിറ്റുകളോളം കുരുക്കു മുറുകും. നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് റെയിൽവേ മേൽപ്പാലം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചത്.
ക്വാറിസമരം കാരണം കഴിഞ്ഞമാസം നിർമാണം മന്ദഗതിയിലായിരുന്നു. സമരം അവസാനിച്ച സാഹചര്യത്തിൽ നിർമാണം ത്വരിതഗതിയിലാവും. പാലംപണി നടത്തുന്ന ചെന്നൈ ആസ്ഥാനമായുള്ള എസ്.പി.എൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ചർച്ച നടത്തിയിരുന്നു.
റെയിൽവേ സ്ഥലം ഒഴിച്ച് രണ്ട് ഭാഗത്തുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി ജൂണിൽ തീർക്കാനാവുമെന്ന് ഉദ്യോഗസ്ഥർ സ്പീക്കറെ ധരിപ്പിച്ചിട്ടുണ്ട്. എസ്.പി.സി കമ്പനിയുടെ എം.ഡി സുഭാഷ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി നിർമാണ പുരോഗതികൾ വിലയിരുത്തിയിരുന്നു.
റെയിൽവേയുടെ ഒരു ഭാഗമാണ് പൂർത്തീകരിക്കാൻ താമസമുള്ളത്. എസ്.പി.എൽ കമ്പനി സി.ഇ.ഒ എ. ശരവണൻ ഉദ്യോഗസ്ഥരായ എം. മഹേശ്വരൻ, ടി. വെങ്കിടേഷ്, കെ. ലക്ഷ്മി നാരായൺ, ആർ.എ. അരവിന്ദ്, കെ. അനീഷ് എന്നിവരുമായാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് സ്പീക്കർ ചർച്ച നടത്തിയത്. 21.04 കോടി രൂപയാണ് നിർമാണ ചെലവ്.
കൊടുവള്ളിയിലെ പഴയ ബാങ്ക് കെട്ടിടം മുതൽ ഇല്ലിക്കുന്ന് എൻ.ടി.ടി.എഫ് പുതിയ ബ്ലോക്ക് വരെയുള്ള 314 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലും രണ്ടുവരി പാതയോടെയാണ് മേൽപാലം നിർമിക്കുന്നത്. ഒരുഭാഗത്ത് നാല് മീറ്റർ സർവിസ് റോഡുണ്ട്. പുറമേ നിന്ന് സ്ഥാപിക്കുന്ന പ്രീ -സ്ട്രൈസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്.
16.08 കോടി രൂപ ചെലവഴിച്ചാണ് സ്ഥലമെടുപ്പ് നടത്തിയത്. മേൽപാലം കമീഷൻ ചെയ്യുന്നതോടെ ഇല്ലിക്കുന്നിലെ കയറ്റവും ഇറക്കവും ഒഴിവാക്കി ഇത് വഴിയുള്ള യാത്ര സുഗമമാകും. ഇപ്പോൾ ഏറെ ദുഷ്കരമാണ് കൊടുവള്ളി ഗേറ്റ് അടച്ചാൽ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്.
ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്ക് ലോറിയും മറ്റ് വാഹനങ്ങളുമിടിച്ച് റെയിൽവേ ഗേറ്റ് പല തവണ തകർന്നിരുന്നു. വാഹനങ്ങൾ റെയിൽപാളത്തിൽ കുടുങ്ങുന്നതും പതിവാണ്. എൻ.ടി.ടി.എഫ്, സഹകരണ നഴ്സിങ് കോളജ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം മാപ്പിൽ ഇടം പിടിച്ച പ്രദേശങ്ങൾ, ഗുണ്ടർട്ട് ബംഗ്ലാവ്, പിണറായി കൺവെൻഷൻ സെന്റർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് എത്തുന്നതിനും മേൽപാലം ഏറെ പ്രയോജനപ്പെടും. 2021 ജനുവരി 23നാണ് പാലത്തിന്റെ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.