മണിക്കൂറുകള്‍ മൊബൈലില്‍ സംസാരിക്കുന്നവരാണോ? ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യതയെന്ന് പഠനം

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, അധികസമയം മൊബൈലില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണ്‍ വിളിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 12 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ‘യൂറോപ്പ്യന്‍ ഹാര്‍ട്ട് ജേണല്‍- ഡിജിറ്റല്‍ ഹെല്‍ത്ത്’ എന്ന ജേണിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫോണിലൂടെ എത്ര മിനിറ്റ് സംസാരിച്ചു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന ഘടകമാണെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതല്‍ സമയം സംസാരിക്കുന്നത് ഹൃദയത്തിന് കൂടുതല്‍ പ്രശ്നകരമാണെന്നാണ് മുഖ്യഗവേഷകന്‍ പ്രൊഫസര്‍ ഷ്യാന്‍ഹോയ് ക്വിന്‍ പറയുന്നത്. ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ക്വിന്‍ പറയുന്നു.
10 വയസ്സിന് മുകളിലുള്ള ലോകജനസംഖ്യയുടെ മുക്കാല്‍ ശതമാനത്തിനും സ്വന്തമായി മൊബൈല്‍ ഫോണുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 നും 79നും ഇടയിലുള്ള 130 കോടി ആളുകള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഹൃദയാഘാതങ്ങളുടേയും മസ്തിഷ്‌കാഘാതങ്ങളുടേയും അകാലമരണങ്ങളുടേയും പിന്നിലെ പ്രധാനകാരണം ഹൈപ്പര്‍ടെന്‍ഷനാണ്.
മൊബൈല്‍ ഫോണുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന കുറഞ്ഞ അളവിലുള്ള റേഡിയോഫ്രീക്വന്‍സി എനര്‍ജിയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമെന്നാണ് ഗവേഷകർ പറയുന്നത്. മൊബൈല്‍ ഫോണിന് രക്തസമ്മര്‍ദവുമായുള്ള ബന്ധം കണ്ടെത്താന്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ഫോൺകോളുകള്‍ മാത്രമല്ല, മെസേജിങും ഗെയിമിങും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അവയുടെ ഫലങ്ങളിൽ അസ്ഥിരതയുണ്ടായിരുന്നു.
യുകെ ബയോബാങ്കില്‍നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള 2,12,046 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു, എത്ര കാലമായി ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചോദ്യാവലി നല്‍കിയാണ് ശേഖരിച്ചത്.
12 വര്‍ഷം നടത്തിയ ഫോളോ-അപ്പിനൊടുവില്‍ പങ്കെടുത്ത ഏഴ് ശതമാനം ആളുകളിലും ഹൈപ്പര്‍ടെന്‍ഷന്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ ഏഴ് ശതമാനം അധികമായി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.
മാത്രമല്ല, ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.
മൊബൈലില്‍ സംസാരിക്കുന്നത് മൂലം രക്തസമ്മര്‍ദം ഉയരുമെന്നല്ല തങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്, മറിച്ച്, ആഴ്ചയിലെ ഫോണ്‍വിളി സമയം അരമണിക്കൂറില്‍ കൂടുതലാവുന്നത് പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്നാണെന്നും ക്വിന്‍ പറഞ്ഞു. ‘പ്രസ്തുത ഫലം ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും മൊബൈലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് നിശ്ചയമാണ്’ – ക്വിന്‍ കൂട്ടിച്ചേര്‍ത്തു.