‘വാസന്തിമഠ’ത്തില്‍ വീണ്ടും മന്ത്രവാദം; കുട്ടിയെയും സ്ത്രീകളെയും പൂട്ടിയിട്ടു, പ്രതിഷേധം

Share our post

പത്തനംതിട്ട: മലയാലപ്പുഴ വാസന്തിമഠത്തില്‍ വീണ്ടും മന്ത്രവാദമെന്ന് പരാതി. മഠത്തില്‍ പൂട്ടിയിട്ടിരുന്ന പത്തനാപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേർന്ന് മോചിപ്പിച്ചു. വാസന്തിമഠം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ശോഭന എന്ന യുവതിയാണ് മലയാലപ്പുഴയില്‍ ‘വാസന്തിമഠം’ എന്ന പേരില്‍ മന്ത്രവാദ ചികിത്സയ്ക്ക് എന്ന പേരിൽ കേന്ദ്രം നടത്തിയിരുന്നത്.

ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് പത്തനാപുരം സ്വദേശികള്‍ ഇവിടെ പൂജകള്‍ നടത്താനെത്തിയത്. എന്നാല്‍, പൂജ കഴിഞ്ഞശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നല്‍കാത്തതിനാല്‍ ഇവരെ ശോഭന മഠത്തിനുള്ളില്‍ പൂട്ടിയിട്ടെന്നാണ് വിവരം.

കുട്ടിയെ ഉള്‍പ്പെടെ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് രണ്ട് സ്ത്രീകളെയും കുട്ടിയെയും മഠത്തിനുള്ളില്‍നിന്ന് മോചിപ്പിച്ചത്.

ഇതിനുപിന്നാലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വാസന്തിമഠത്തിലെ ഫര്‍ണിച്ചറുകളും ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. കൂടുതല്‍ പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. സംഭവസമയത്ത് ശോഭന ഇവിടെയുണ്ടായിരുന്നില്ല.

കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രവാദചികിത്സ നടത്തിയതിന് വാസന്തിമഠത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇലന്തൂര്‍ നരബലിക്ക് പിന്നാലെയാണ് വാസന്തിമഠത്തിനെതിരേയും പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് നടത്തിപ്പുകാരിയായ ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തു.

ജയിലിലായിരുന്ന ഇവര്‍ അടുത്തിടെയാണ് ശസ്ത്രക്രിയയുടെ പേരില്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷവും ശോഭന മന്ത്രവാദം തുടര്‍ന്നിരുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!