28 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

Share our post

ആലുവ: ഒഡിഷയിൽ നിന്ന് ട്രെയിനിലെത്തിച്ച 28 കിലോ കഞ്ചാവുമായി ഏപ്രിൽ 22ന് ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട് അന്യ സംസ്ഥാനക്കാർ പിടിയിലായ കേസിൽ ഗ്രേഡ് എസ്.ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിലായി.

തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ സാജൻ (56), മകൻ നവീൻ (21), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പൊലീസ് പിടി കൂടിയത്.

പൊലീസിൽ മൂന്ന് പതിറ്റാണ്ടിലേറെ സർവീസുള്ള സാജൻ മേയ് 30ന് വിരമിക്കേണ്ടതാണ്.നവീന് വേണ്ടി കഞ്ചാവുമായി എത്തിയ പെരുമ്പാവൂരിലെ പ്‌ളൈവുഡ് കമ്പനി ജീവനക്കാരും ഒഡിഷ കണ്ടമാൽ സ്വദേശികളുമായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെയാണ് എസ്.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് നേരത്തേ അറസ്റ്റ് ചെയ്തത്.

റെയിൽവേ സ്റ്റേഷനിൽ നവീൻ കഞ്ചാവ് കൈപ്പറ്റാൻ എത്തിയെങ്കിലും കടത്തുകാർ പിടിയിലായതറിഞ്ഞ് മുങ്ങി. ഇയാൾക്കെതിരെ ലഹരി ഇടപാടിന് പൊലീസിലും എക്‌സൈസിലുമായി അഞ്ച് കേസുകൾ വേറെയുമുണ്ട്.

സംഭവത്തെ തുടർന്ന് അബുദാബിയിലേക്ക് കടന്ന നവീനെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും ,വിദേശത്തേയ്ക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജൻ അറസ്റ്റിലായത്.കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തിയതിനും ഒളിത്താവളങ്ങളും വാഹനവും ഒരുക്കി നൽകിയതിനുമാണ് ആൻസ്, ബേസിൽ തോമസ് എന്നിവരെ പിടി കൂടിയത്.

ഇവരിൽ നിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്.അറസ്റ്റിലായവരെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം, ചെന്നൈ തിരുവനന്തപുരം മെയിലിലെ യാത്രക്കാരെ പരിശോധിച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!