വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വപരിശീലനം നല്‍കാന്‍ സി.ബി.എസ്.ഇ: കോഡിങ്, നിര്‍മിതബുദ്ധി എന്നിവയിലും പരിശീലനം

Share our post

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സാങ്കേതികാവബോധം വളര്‍ത്താനും അവര്‍ക്ക് വ്യാവസായികപരിശീലനം നല്‍കാനും മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് സി.ബി.എസ്.ഇ. മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ ലേണിങ് പാര്‍ട്ണര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

മേയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിക്കും. കരിയര്‍ ഉപദേശങ്ങള്‍, സംരംഭകത്വ പ്രോത്സാഹനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയവയും നടത്തും. നിര്‍മിതബുദ്ധി, കോഡിങ്, ക്ലൗഡ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകളുണ്ടാവും.

മേയ് രണ്ടുമുതല്‍ പത്തുവരെയുള്ള പരിശീലന സെഷന് https://forms.office.com/r/vdXz6gpC40 വഴിയും ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പരിശീലന സെഷന് https://forms.office.com/r/Q6gGJKMKU3 വഴിയും രജിസ്റ്റര്‍ചെയ്യാം.

പദ്ധതിയുടെ ഭാഗമായി ചെറിയസംഘങ്ങളായി തിരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് വര്‍ക്കുകള്‍ നല്‍കും. പ്രോജക്ടുകള്‍ പരിശീലനത്തിന്റെ അവസാനഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രശസ്തിപത്രം നല്‍കും.

സ്‌കൂളുകളില്‍ കായികോത്സവം നടത്തണം

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് സ്‌കൂളുകളില്‍ കായികോത്സവം നടത്താന്‍ സി.ബി.എസ്.ഇ. ഏപ്രിലില്‍ത്തന്നെ മൂന്നുദിന പരിപാടികള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഫുട്‌ബോള്‍, 100 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേ, ലോങ് ജമ്പ്, രണ്ട്-അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍, കബഡി, ഖൊ-ഖൊ, വടംവലി, ഡോഡ്ജ് ബോള്‍, ബാഡ്മിന്റണ്‍ എന്നിവ ഔട്ട്‌ഡോര്‍ ഗെയിംസ് വിഭാഗത്തില്‍ നടത്തണം. ഇന്‍ഡോര്‍ ഗെയിമുകളായി ചെസ്, ലുഡോ ബോര്‍ഡ് ഗെയിമുകള്‍, കാരംസ് തുടങ്ങിയവ സംഘടിപ്പിക്കാം.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള കായികപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണം. ഫിറ്റ് ഇന്ത്യ പോര്‍ട്ടല്‍, നാഷണല്‍ സ്‌പോര്‍ട്സ് റിപ്പോസിറ്ററി തുടങ്ങിയ വ്യത്യസ്ത കായിക പോര്‍ട്ടലുകള്‍ ഉപയോഗപ്പെടുത്തണം. തദ്ദേശീയ കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കണം.

സംസ്ഥാന, പ്രാദേശിക തലത്തിലുള്ള കായികതാരങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാം. പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് https://forms.gle/HAPru7dSwxjPSTVp7 -ല്‍ അപ്ലോഡ് ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!