ശാന്തമ്മയുടെ തൂലികയിൽ പിറന്നു, മലയാളത്തിന്റെ ‘ഗീതാഞ്ജലി’

തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ് ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്.
ക്യാൻസറിനോട് പൊരുതി ജയിച്ച ശാന്തമ്മ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തിങ്കളാഴ്‌ചയാണ് പുറത്തിറങ്ങുന്നത്.
രാവിലെ 10.30ന് കൂത്തുപറമ്പ് സിനിയർ സിറ്റിസൺസ് ഹാളിലാണ് പ്രകാശനച്ചടങ്ങ്.നൊബേൽ സമ്മാനം നേടിയ ഗീതാഞ്ജലി മലയാളത്തിലേക്ക് പലരും വിവർത്തനം ചെയ്‌തിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നത് ഇതാദ്യമാണെന്ന് ശാന്തമ്മ.
സംസ്‌കൃത പരിഭാഷ ഹൈദരാബാദിൽനിന്ന് എത്തിച്ചാണ് സ്വതന്ത്രമായി മൊഴിമാറ്റിയത്. നൂറ്റിമൂന്ന് ഗീതങ്ങൾ ആറുമാസംകൊണ്ട് പരിഭാഷപ്പെടുത്തിയത്. ദിവസവും പുലർച്ചെ രണ്ടു മുതൽ 5 വരെയുള്ള സമയത്തായിരുന്നു പരിഭാഷ. ‘ഗീതാഞ്ജലി’ പ്രസിദ്ധീകരിച്ച് 113 വർഷത്തിന് ശേഷമാണ് പരിഭാഷപ്പെടുത്തുന്നതെന്ന പ്രത്യേകതയുണ്ട്.
പലരും പറഞ്ഞതുപോലെ ‘ഗീതാഞ്ജലി’യിലെ 35ാമത്തെ ശ്ലോകമാണ് ആ ഗ്രന്ഥത്തിന്റെ ഹൃദയവും ആത്മാവുമെന്നും ശാന്തമ്മ പറയുന്നുകോട്ടയം കാനം എഴുത്തുകല്ലുങ്കൽ നാരായണൻ നായരുടെയും കല്യാണിയമ്മയുടെയും മകളായ ശാന്തമ്മ സംസ്‌കൃത അധ്യാപികയായി കുറച്ചുകാലം ജോലിചെയ്‌തിരുന്നു.
പത്തനംതിട്ടയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന കൂരാറയിലെ തടത്തിൽ രാജനെ വിവാഹം കഴിച്ചതോടെയാണ് കൂരാറ പേരിനൊപ്പം കൂടിയത്.
ചിപ്പികൾ, കടലാസ് തുണ്ടുകൾ (കവിതാസമാഹാരം), അഞ്ജലി, വന്നിട്ടു പറയാം (ചെറുകഥ), എല്ലാം ശരിയാകും (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. സുഗതകുമാരിയാണ് കടലാസ് തുണ്ടുകൾക്ക് അവതാരിക എഴുതിയത്. അസുഖം ഭേദമായ ശേഷം എഴുതിയ രണ്ട് നോവലുകൾ വൈകാതെ പ്രസിദ്ധീകരിക്കും.