ഹൃദ്രോഗ സാധ്യത അറിയാം; ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.

കണ്ണൂർ: ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയുടെ സാധ്യത നേരത്തേ പ്രവചിക്കാൻ ആർട്ട്സെൻസ് എന്ന ഉപകരണം സഹായിക്കും. കൃത്യവും സൂക്ഷ്മവുമായ ഫലം കിട്ടുമെന്നതാണ് മേന്മ. ആരോഗ്യമേഖലയിൽ വൻ മാറ്റത്തിന് ഇത് വഴിതുറക്കും.
ലളിതമാണ് ഉപയോഗം
ആർട്ട്സെൻസ് ചെറിയ ഉപകരണമാണ്. കൈയിൽ കൊണ്ടുനടക്കാം. പരിശോധന ലളിതമാണ്. ശരീരത്തിനകത്ത് കടത്തേണ്ട. വേദനയുണ്ടാകില്ല. ചെറിയ സമയം മതി. വൈദഗ്ധ്യമില്ലാത്തവർക്കും പ്രവർത്തിപ്പിക്കാം. ചെലവും കുറവായിരിക്കും.
സ്ക്രീനിങ് എന്ന സാധ്യത
ഹൃദ്രോഗ ചികിത്സാമേഖല വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാലും ലോകത്ത് ഏറ്റവുമധികം മരണങ്ങൾക്ക് ഇന്നും വഴിയൊരുക്കുന്നത് ഹൃദയധമനീരോഗങ്ങളാണ്. കണ്ടെത്താൻ വൈകുന്നതാണ് പ്രധാന പ്രശ്നം. പ്രമേഹം, അമിത രക്തസമ്മർദം എന്നിവ ധമനികളെ ക്രമേണ നശിപ്പിക്കും. അത് ഹൃദ്രോഗത്തിലേക്കും നയിക്കും. ഇവിടെയാണ് ഉപകരണത്തിന്റെ പ്രസക്തി. പൊതുജനങ്ങളെ സ്ക്രീനിങ്ങിന് വിധേയമാക്കി രോഗസാധ്യത വിലയിരുത്താമെന്നത് വലിയ സാധ്യതയാണ്.
മൂന്ന് വിവരങ്ങൾ ഒറ്റ പരിശോധനയിൽ
കരോട്ടിഡ് ധമനിയുടെ ആരോഗ്യം, മഹാധമനിയിലെ പൾസ്, രക്തയോട്ടത്തിന്റെ ചലനവേഗം, മഹാധമനിയിലെ രക്തസമ്മർദം (സെൻട്രൽ ബ്ലഡ് പ്രഷർ) എന്നിവ ഒന്നിച്ച് നിർണയിക്കാനാകും. സാധാരണയെടുക്കുന്ന പ്രഷർ അളവിനേക്കാൾ കൃത്യമായിരിക്കും സെൻട്രൽ ബ്ലഡ് പ്രഷർ.
അമിത ബി.പി., പ്രമേഹം എന്നിവയാലും പ്രായാധിക്യത്താലും ധമനികൾക്ക് മൃദുത്വവും വഴക്കവും കുറയും. കട്ടികൂടി ഇലാസ്തികത നഷ്ടമാകും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാം. ധമനിയിലെ ഈ മാറ്റങ്ങൾ പരിശോധനയിൽ കണ്ടെത്താം.
പേറ്റന്റ് കിട്ടി
ഐ.ഐ.ടി.യിലെ ഹെൽത്ത് കെയർ ടെക്നോളജി ഇന്നവേഷൻ സെന്ററാണ് ഉപകരണം വികസിപ്പിച്ചത്. പ്രശസ്ത അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേണലുകളിൽ ഉപകരണത്തെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേറ്റന്റും ലഭിച്ചു.
രാജ്യത്തിനകത്തും ചില യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും ഇതുപയോഗിച്ചുള്ള ക്ലിനിക്കൽ പഠനങ്ങൾ നടക്കുന്നുണ്ട്. വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചുതുടങ്ങും.