കപട പരിസ്ഥിതിവാദം വെടിഞ്ഞില്ലെങ്കിൽ കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും: മന്ത്രി

Share our post

ഇരിട്ടി: വൈദ്യുതി ഉൽപാദന പദ്ധതികൾ തുടങ്ങുന്ന കാര്യത്തിൽ ചിലർ തുടരുന്ന കപട പരിസ്ഥിതി വാദം വെടിഞ്ഞില്ലെങ്കിൽ കേരളം യൂണിറ്റിന് 50 രൂപ നൽകി പുറത്തു നിന്നു വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

ഇരിട്ടിയിൽ വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയം മൂലം റഗുലേറ്ററി കമ്മിഷന്റെ അനുമതി പോലും ഇല്ലാതെ വൈദ്യുതിക്ക് വില വർധിപ്പിക്കാൻ പുറമേയുള്ള കമ്പനികൾക്ക് കഴിയും.

ഇടുക്കിയിൽ 0.55 പൈസയ്ക്ക് നാം വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ പുറത്തു നിന്നു 50 രൂപ വരെ വില ഈടാക്കിയാണ് വൈദ്യുതി നൽകുന്നത്.ആസൂത്രണത്തിൽ കേന്ദ്രീകരിക്കാൻ കഴിയാതെ പോയതിനാൽ കേരളം വൈദ്യുതി രംഗത്തും ഉപഭോക്‌തൃ സംസ്ഥാനമാണ്. 30 ശതമാനം വൈദ്യുതി മാത്രം ആണു അഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. അരിയും പച്ചക്കറിയും ഇതര സാധനങ്ങളും എന്നത്‌ പോലെ നാം വൈദ്യുതിയും വലിയ

വില നൽകി വാങ്ങേണ്ട അവസ്ഥയാണ്. 3000 ടി.എം.സി വെള്ളം ലഭിക്കുന്ന നാടാണ്‌ കേരളം. 300 ടിഎംസി വെള്ളം മത്രമാണ്‌ നാം ഉപയോഗിക്കുന്നത്‌. ജലവൈദ്യുതി പദ്ധതികളിൽ കേന്ദ്രീകരിക്കാൻ സാധിച്ചാൽ നമുക്ക്‌ വൈദ്യുതി മിച്ച സംസ്ഥാനമായി മാറാം.

3 വലിയ പദ്ധതികൾ വഴി 1560 മെഗാവാട്ട്‌ വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനുള്ള നീക്കത്തിലാണ്‌ കെഎസ്‌ഇബി. ഇടുക്കി നിലയം സുവർണജൂബിലി പദ്ധതിയാണിതിൽ മുഖ്യം. 800 മെഗാവാട്ട്‌ വൈദ്യുതി കൂടി ഇടുക്കിയിൽ നിന്ന്‌ ഉൽപ്പാദിപ്പിക്കാനാണ്‌ ലക്ഷ്യം.

ഉൽപാദന രംഗത്ത്‌ കേന്ദ്രീകരിച്ച്‌ സ്വന്തം കാലിൽനിൽക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ മൃഗങ്ങൾക്ക് കിഴക്ക് – പടിഞ്ഞാറ് പോകാൻ തടസ്സം ആകും എന്നതു ഉൾപ്പെടെ ഉള്ള വാദം ഉയർത്തുന്നവർ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സണ്ണി ജോസഫ്‌ എം.എൽ.എ അധ്യക്ഷത വഹിച്ചു. സജീവ്‌ ജോസഫ്‌ എം.എൽ.എ, ചീഫ്‌ എൻജിനീയർ ഹരീശൻ മൊട്ടമ്മൽ, കെ.എസ്‌.ഇ.ബി ഡയറക്ടർ സി.സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നഗരസഭാ അധ്യക്ഷ കെ.ശ്രീലത, വൈസ്‌ ചെയർമാൻ പി.പി.ഉസ്‌മാൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വേലായുധൻ, ടൗൺ കൗൺസിലർ വി.പി.അബ്‌ദുൽ റഷീദ്‌, ബാബുരാജ്‌ പായം, കെ.മനോജ്‌, പി.കെ.ജനാർദനൻ, എം.എം.മജീദ്‌, പ്രശാന്തൻ മുരിക്കോളി, സി.വി.എം.വിജയൻ, മാത്യു കുന്നപ്പള്ളി, അജേഷ്‌, കെഎസ്‌ഇബി ചീഫ്‌ എൻജിനീയർ കെ.രാജീവ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇരിട്ടി വൈദ്യുതി ഭവൻ

ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ, ഇരിട്ടി സബ് ഡിവിഷൻ, ഇരിട്ടി സെക്‌ഷൻ എന്നീ ഓഫിസുകൾ പ്രവർത്തിക്കും. പേരാവൂർ, മട്ടന്നൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളുടെ പരിധിയിലായി 3 ഇലക്ട്രിക്കൽ സബ് ഡിവിഷനുകളും 13 സെക്‌ഷനുകളും ഉൾപ്പെടുന്നത് ഇരിട്ടി ഡിവിഷനിലാണ്. ഇരിട്ടി, മട്ടന്നൂർ, ശ്രീകണ്ഠാപുരം നഗരസഭകളും 19 പഞ്ചായത്തുകളും ഈ ഡിവിഷന്റെ പരിധിയിലാണ്. 1,96,488 ഉപഭോക്താക്കൾ ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!