രണ്ടുപേർ മരിച്ച വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മോഷണം; യാത്രക്കാരിയുടെ മാല പൊട്ടിച്ചയാളെ പിടികൂടിയത് നാട്ടുകാർ

തൃശൂർ: വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂരിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് കാഞ്ഞാണി സ്വദേശിയായ ബാബു എന്നയാൾ ഒരു യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.
ഉടൻതന്നെ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബാബുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമല്ല.തൃശൂർ തളിക്കുളം കൊപ്രക്കളത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
കെ .എസ് .ആർ .ടി .സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു.
അതിനിടെ, കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജാണ് (31) മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സാരംഗിന് പരിക്കേറ്റു.
ഇയാളെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിനോജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.