പുതിയ മദ്യനയം ഉടൻ: കള്ളുഷാപ്പുകളുടെ മുഖം മാറും

കണ്ണൂർ : കള്ളുഷാപ്പുകൾ കാലോചിതമായി നവീകരിക്കാനും ഈ തൊഴിൽമേഖലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കാനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യവസ്ഥചെയ്യും.
അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മദ്യനയത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
കള്ള് വ്യവസായം ഏകോപിപ്പിക്കുന്നതിന് ‘ടോഡി ബോർഡ്’ രൂപവത്കരിക്കാനുള്ള വ്യവസ്ഥയും പുതിയ നയത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കാൽലക്ഷത്തോളം പേർ നേരിട്ട് ജോലിചെയ്യുന്ന കള്ള് വ്യവസായത്തെ നവീകരിക്കുന്നതിന് ഒട്ടേറെ നിർദേശങ്ങൾ തൊഴിലാളി യൂണിയനുകളും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡും മുന്നോട്ടുവെച്ചിട്ടുണ്ട്.
അനാകർഷകവും ക്ലേശകരവുമായ തൊഴിലായാണ് കള്ളുചെത്തിനെ കണക്കാക്കുന്നത്. അതിനാൽ ഉയർന്ന വരുമാനവും സുരക്ഷിതത്വവും ഉണ്ടായാലേ പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കാൻ കഴിയൂ.
ദൂരപരിധി നിയമത്തിൽ മാറ്റംവരുത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി. എന്നാൽ വിദേശമദ്യ ഷാപ്പുകളുടെത് 200 മീറ്ററും ബാറുകളുടെത് 50 മീറ്ററുമാണ്.
കള്ളുഷാപ്പുകളുടെ മുഖംമാറ്റി ആധുനികീകരിക്കാനുള്ള നിർദേശവും പുതിയ നയത്തിലുണ്ടാകും. വൃത്തിയും മോടിയുള്ളതുമായിരിക്കണം കള്ളുഷാപ്പുകൾ. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആകർഷകമായ വിൽപ്പനകേന്ദ്രങ്ങളിൽ ശുദ്ധമായ കള്ളുവിൽപ്പന നടത്തുന്നതിനുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്.
കൂടുതൽ കള്ള് ലഭിക്കുന്ന തെങ്ങുകൾ പുറംപോക്കുകളിലും ഫാമുകളിലും വളർത്തണമെന്ന നിർദേശവും സർക്കാരിന് മുന്നിലുണ്ട്.