Kannur
ലൈഫ് മിഷനിൽ 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കും: മുഖ്യമന്ത്രി

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കടമ്പൂർ ഫ്‌ളാറ്റിലെ 44 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിച്ചു. ഗുണഭോക്താവ് കെ എം റംലത്തിന്റെ വീട്ടിൽ മുഖ്യമന്ത്രി പാലുകാച്ചി.സംസ്ഥാനത്ത് 25 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്.
കടമ്പൂരിൽ നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ളാറ്റുകളാണുള്ളത്. ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായി മൂന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമ്മിച്ചുനൽകാൻ കഴിഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എടുത്താൽ, 14 ലക്ഷം പേർ സ്വന്തം വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്.
64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽ പെട്ടവരാണ്. ഈ സാമ്പത്തിക വർഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകളാണ് നിർമ്മിക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്.
ലൈഫ് മിഷൻ വീടുകൾ നിർമ്മിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർ മുതൽ വലിയ വ്യവസായികൾ വരെ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാവാമെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ തർക്കങ്ങളല്ല ഉണ്ടാവേണ്ടത്.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫിൽ വീടിനുള്ള അർഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതിൽപരം ഒന്നും ചെയ്യാനില്ല. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകൾ ഉയർന്നുവരാറുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നത്.
ലൈഫ് മിഷന് പുറമെ മത്സ്യത്തൊഴിലാളികളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ‘പുനർഗേഹം’ പദ്ധതിയിലൂടെ 1931 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 3292 കുടുംബങ്ങൾക്ക് ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. 3921 കുടുംബങ്ങൾക്ക് ഭൂമിയുടെ വില നിശ്ചയിച്ചു. തിരുവനന്തപുരത്ത് 148 വീടുകളും മലപ്പുറം 128 വീടുകളും കൊല്ലത്ത് 114 വീടുകളുമടക്കം ആകെ 390 യൂനിറ്റുകളുള്ള ഫ്‌ളാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.
തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ 192 യൂനിറ്റ് ഫ്‌ളാറ്റുകൾ ഇതിന് പുറമെയാണ്. ആലപ്പുഴയിൽ 228 യൂനിറ്റ് ഫ്‌ളാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 956 വീടുകളുള്ള ഫളാറ്റ് നിർമ്മാണത്തിന് അനുമതി നൽകി. വലിയതുറയിലും വേളിയിലും 192 വീടുകൾ അടങ്ങുന്ന ഫ്‌ളാറ്റിനുള്ള അനുമതി വേഗം തന്നെ ലഭ്യമാക്കാൻ സാധിക്കും.
സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പുനർഗേഹത്തിൽ മുട്ടത്തറയിൽ 400, പൊന്നാനിയിൽ 100, വെസ്റ്റ് ഹില്ലിൽ 80, കാസർകോട് 144 വീടുകളുള്ള ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കാൻ പോവുകയാണ്. പ്രളയത്തിൽ വീട് തകർന്നവർക്ക് വീട് നിർമ്മിച്ചുനൽകാൻ കെയർഹോം പദ്ധതിയുമായി സഹകരണ മേഖല മാതൃകാപരമായി മുന്നോട്ടുവന്നു. ലൈഫ് മിഷനിൽ വീട് നിർമ്മിച്ചുനൽകാനും സഹകരണ മേഖല തയ്യാറായി.
മനസ്സോടിത്തിരി മണ്ണ് പദ്ധതി പ്രകാരം എരുവേശ്ശേി ഗ്രാമപഞ്ചായത്തിലെ തന്റെ ഭൂമി സൗജന്യമായി നൽകുന്ന റിട്ട. എഇഒ ജോയ് കെ ജോസഫ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. കടമ്പൂർ ഭവന സമുച്ചയ വളപ്പിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി.
ഡോ വി ശിവദാസൻ എം.പി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ലൈഫ് മിഷൻ സി ഇ ഒ പി ബി നൂഹ്, തദ്ദേശ വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ പ്രമീള, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പ്രേമവല്ലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കെ .വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേശൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗം എ .വിമലാദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ സംസാരിച്ചു.
കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീഫാബ് ടെക്നോളജിയിൽ ഭവന സമുച്ചയം നിർമ്മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും.
20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കുന്നു. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകിയത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് ആണ് കരാറെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത്.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്