ശ്രീനാരായണ ധർമപ്രകാശിനി വായനശാല.; വഴികാട്ടിയ വെളിച്ചം

Share our post

തലശേരി: കുട്ടിമാക്കൂൽ ഗ്രാമത്തിന്‌ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉണർവ്‌ പകർന്ന ഗ്രന്ഥശാലയാണ്‌ ശ്രീനാരായണ ധർമപ്രകാശിനി വായനശാല. ചാത്താമ്പള്ളി കാപ്പരിച്ചി സംഭാവന ചെയ്‌ത ഒന്നര സെന്റിലെ കെട്ടിടത്തിൽ 46 പുസ്‌തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥപ്പുര 69 വർഷം പിന്നിടുമ്പോൾ 16,000ലേറെ ഗ്രന്ഥങ്ങളുള്ള ജില്ലയിലെ മികച്ച എ ക്ലാസ്‌ ഗ്രന്ഥശാലകളിലൊന്നാണ്‌.

ജനങ്ങളുടെ നിർലോഭമായ പിന്തുണയിലാണ്‌ ഗ്രന്ഥശാലയുടെ അതിവേഗത്തിലുള്ള വളർച്ച. സ്വന്തമായി പത്രമോ പുസ്‌തകങ്ങളോ വാങ്ങാൻ കഴിവില്ലാത്ത ചെറുകിട കർഷകരും തൊഴിലാളികളുമായ നാട്ടുകാർക്ക്‌ പതിറ്റാണ്ടുകളോളം അറിവിന്റെ കേന്ദ്രമായി.

ശ്രീനാരായണ ശക്തിധരാലയ മഠത്തിനോടനുബന്ധിച്ച്‌ 1954 ജനുവരി ഒന്നിനാണ്‌ വായനശാല ആരംഭിച്ചത്‌. കുട്ടിമാക്കൂൽ, വയലളം, മൂഴിക്കര, കുണ്ടുചിറ, പെരിങ്ങളം ഉൾപ്പെടുന്ന വിശാലമായ പ്രദേശത്തെ ഏക വിജ്ഞാന കേന്ദ്രമായിരുന്നു ഒരുകാലത്ത്‌ ശ്രീനാരായണ ധർമപ്രകാശിനി. വായനശാലയുടെ തുടക്കത്തിലേ ആരംഭിച്ച സാക്ഷരതാ ക്ലാസിലൂടെ നിരവധിപേരെ വിജ്ഞാനലോകത്തേക്ക്‌ കൈപിടിച്ചുയർത്തി.

സാധാരണക്കാർക്ക്‌ റേഡിയോ അപ്രാപ്യമായ കാലത്ത്‌ വായനശാലയായിരുന്നു വാർത്താകേന്ദ്രം. ഗ്രാമത്തിലെ ഏക ടെലിഫോണും വായനശാലയിലായിരുന്നു. പ്രവാസികളായ കുട്ടിമാക്കൂലുകാർക്ക്‌ വീടുമായി ബന്ധപ്പെടാനുള്ള കേന്ദ്രമായും അങ്ങനെ ലൈബ്രറി മാറി.

സിനിമാ പ്രദർശനത്തിലൂടെ ധനസമാഹരണം നടത്തിയാണ്‌ വായനശാലയിൽ ഫർണിച്ചർ വാങ്ങിയത്‌. അമേരിക്കൻ, റഷ്യൻ എംബസികളുടെ സഹായത്തോടെയും പുസ്‌തകങ്ങൾ ശേഖരിച്ചു. 1995ൽ ശ്രീനാരായണ ശക്തിധരാലയ മഠത്തിന്‌ സമീപം വാങ്ങിയ സ്ഥലത്ത്‌ പണിത കെട്ടിടത്തിലേക്ക്‌ ലൈബ്രറി മാറ്റി. റോഡരികിലെ വായനശാല അതേപടി നിലനിർത്തി.

കുട്ടിമാക്കൂൽ ദേശത്തിന്റെ സാമൂഹ്യ–-സാംസ്‌കാരിക മേഖലകളിലെ ചാലകശക്തിയാണ്‌ എന്നും ഈ ഗ്രന്ഥശാല. ലൈബ്രറിയുടെ ഭാഗമായ രചന സാംസ്‌കാരികവേദി ഞായറാഴ്‌ചകളിൽ നടത്തുന്ന ‘എല്ലാവർക്കും പാടാം’ എത്രയോ പേർക്ക്‌ പാടിത്തെളിയാൻ അവസരമായി.

ബാലവേദി, വനിതവേദി, വനിതാ പുസ്‌തക വിതരണപദ്ധതി, യുവജനവേദി, രചന സാംസ്‌കാരിക വേദി, സ്‌പോട്‌സ്‌ ക്ലബ്‌ എന്നീ ഉപസമിതികളും ലൈബ്രറിക്കുണ്ട്‌. സി സോമൻ പ്രസിഡന്റും പി ചന്ദ്രൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ ലൈബ്രറിക്ക്‌ നേതൃത്വം നൽകുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!