അങ്കണവാടി ജീവനക്കാർക്കുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാർ;യു.ഡി.എഫ് അംഗങ്ങൾ സത്യഗ്രഹം നടത്തി

കോളയാട്: അങ്കണവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.
കോളയാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് യു.ഡി.എഫ് അംഗങ്ങളായ റോയ് പൗലോസ്,കെ.വി.ജോസഫ്,പി.സജീവൻ,യശോദാ വത്സരാജ്,ഉഷ മോഹനൻ,വി.ശാലിനി എന്നിവർ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയത്.
അങ്കണവാടി ജീവനക്കാരെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ബോർഡിൽ സി.പി.എം നിടുമ്പൊയിൽ,കൊളയാട് ലോക്കൽ സെക്രട്ടറിമാരെ തിരുകി കയറ്റി സ്വജനപക്ഷപാതം നടത്തുന്നതായി യു.ഡി.എഫ് ആരോപിച്ചു.
ഇന്റർവ്യൂ ബോർഡിൽ യു.ഡി.എഫിന് പരിഗണന നല്കാതെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തി അനധികൃതമായി പാർട്ടിക്കാരെ മാത്രം തിരഞ്ഞെടുത്തുവെന്നും യു.ഡി.എഫ് ആരോപിച്ചു.
സത്യഗ്രഹ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു.കെ.വി.ജോസഫ് അധ്യക്ഷത വഹിച്ചു.റോയ് പൗലോസ്,പി.സജീവൻ എന്നിവർ സംസാരിച്ചു.