ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു.

Share our post

ആറളം :പുനരധിവാസ മേഖലയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുന്നു.ആറളം ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും,ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്.

അധികം വൈകാതെ പാലങ്ങള്‍ നാടിനായ് തുറന്നു കൊടുക്കുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശങ്ങള്‍ പരിഹാരമാവും. കാലങ്ങളായുള്ള യാത്ര ദുരിതമാണിതോടെ അവസാനിക്കുന്നത്. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ഡവലപ്‌മെന്റ് ഫണ്ട് പദ്ധതിയില്‍ പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഐ.ടി.ഡി.പി മുഖേനയാണു നടപ്പാക്കുന്നത്.

കിറ്റ്കോയ്ക്ക് ആണ് മേല്‍നോട്ട ചുമതല.128 മീറ്റര്‍ നീളമുള്ള ഓടംതോട് പാലം 32 മീറ്ററിന്റെ 4 സ്പാനുകളായാണു നിര്‍മിക്കുന്നത്.11.05 മീറ്ററാണ് പാലത്തിന്റെ വീതി. വാഹന ഗതാഗതത്തിനു പുറമേ ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്.

5.5 കോടി രൂപ ചെലവിലാണ് ഓടംതോട് പാലം നിര്‍മ്മിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്ന ചീങ്കണ്ണി പുഴയ്ക്കു കുറുകെയുള്ള വളയംചാല്‍ പാലം നബാർഡിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 കോടി രൂപ അനുവദിച്ചു. 32.1 മീറ്ററിന്റെ 2 സ്പാനുകളില്‍ 65 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുള്ള പാലമാണ് പണിയുന്നത്.

പാലം പൂര്‍ത്തിയായാല്‍ പുനരധിവാസ മേഖലയിലുള്ള ആദിവാസികളടക്കമുള്ള നൂറുകണക്കിനാളുകളുടെ യാത്ര സുഗമമാവും. നേരത്തെയുണ്ടായിരുന്ന തൂക്കുപാലം അപകടഭീഷണിയുയര്‍ത്തുയതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പാലം പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ രണ്ട് പാലങ്ങളെയും ബന്ധിപ്പിക്കുന്ന 3.5 കി മീ നീളത്തിലുള്ള ഓടന്‍തോട് -വളയന്‍ചാല്‍ റോഡിന്റെ പണിനേരത്തെ തന്നെ പൂര്‍ത്തീകരിച്ചു.ആറളം വന്യജീവി സങ്കേതത്തിലേക്കു ഉള്‍പ്പെടെ പ്രതിദിനം നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ആനമുക്ക്,കാളികയം റോഡുകളും നബാര്‍ഡ് പദ്ധതിയില്‍പെടുത്തി നവീകരിച്ചു.

പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളില്‍ പാല്‍ സൊസൈറ്റി,വെറ്റിറനറി ഡിസ്‌പെന്‍സറി, കൃഷിഭവന്‍,സപ്ലൈകോ,കമ്മ്യൂണിറ്റി ഹാള്‍,അങ്കണവാടി,ആയുര്‍വേദ ഡിസ്പന്‍സറി,എല്‍.പി സ്‌കൂള്‍ ടീച്ചേര്‍സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഹോമിയോ ക്വാര്‍ട്ടേഴ്സ്, എല്‍ പി സ്‌കൂള്‍ കെട്ടിടം, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം, ബോയ്‌സ് ഹോസ്റ്റല്‍കെട്ടിടം, ആന മതില്‍ തുടങ്ങിയവയുടെ പണികള്‍ പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!