തീവെപ്പ്: പോലീസ് ഫോട്ടോ കാണിച്ചു, അക്രമിയെന്ന് കരുതുന്നയാളെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞെന്ന് വിവരം

Share our post

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ അക്രമിയെന്ന് കരുതുന്ന ആളെ മുഖ്യസാക്ഷി റാഷിഖ് തിരിച്ചറിഞ്ഞുവെന്ന് വിവരം.

പ്രതിയുടെ ഫോട്ടോ റാഷിഖിനെ പോലീസ് കാണിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോയും കാണിച്ചതോടെയാണ് ട്രെയിനില്‍ കണ്ട ആളാണ് ഫോട്ടോയിലുള്ളതെന്ന് റാഷിഖ് തിരിച്ചറിഞ്ഞത് എന്നാണ് പുറത്തുവരുന്ന വിവരം.

അക്രമി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണെന്ന് സൂചന ലഭിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയിലെത്തിയിരുന്നു.

പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം അന്വേഷണ സംഘം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ അക്രമി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നെണെന്നും സംശയമുണ്ട്. മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ വെച്ചാണ് ഇയാളുടെതെന്ന് കരുതുന്ന ബാഗില്‍ ഉണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചത്.

അതിനുശേഷം ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.ഒരാളെമാത്രം ലക്ഷ്യമിട്ടല്ല അക്രമി പ്രവർത്തിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്. സംഭവത്തിനുപിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.

എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപത്തെത്തിയപ്പോള്‍ തീവെപ്പിന് ശ്രമിച്ചുവെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. പ്രത്യേകമായി ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന നിഗമനത്തിലാണ് ആദ്യം മുതല്‍ പോലീസ്. ഇതാണ് തീവ്രവാദ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!