കണ്ണൂർ: വേനൽ അവധിക്കാലത്ത് വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി. വയനാട്, ഗവി, മൂന്നാർ, വാഗമൺ, കൊച്ചിയിൽനിന്നുള്ള കപ്പൽ യാത്ര തുടങ്ങിയ ആകർഷകമായ പാക്കേജുകളാണ് ഇക്കുറി വേനലവധിക്കാലത്ത്. ഏപ്രിൽ ഏഴിന് തുടങ്ങുന്ന ഗവിയിലേക്കുള്ള യാത്രയാണ് പുതുതായി ആരംഭിച്ച പാക്കേജ്.
സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കുകളാണ് ഉല്ലാസയാത്രക്കായി ഈടാക്കുന്നത്. കൊച്ചി കപ്പൽയാത്ര ഒഴികെയുള്ള പാക്കേജുകളിൽ ആറു വയസ്സിന് മുകളിൽ എല്ലാവർക്കും ഒരേ ടിക്കറ്റ് നിരക്കാണ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30ന് വയനാട്ടിലേക്ക് പുറപ്പെടുന്ന ബസ് രാത്രി 10.30ന് തിരിച്ചെത്തും. മൂന്നു നേരത്തെ ഭക്ഷണമടക്കമുള്ള ചെലവുകളുൾപ്പെടുത്തി 1180 രൂപയാണ് വയനാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.
മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച രാത്രി ആരംഭിക്കുന്ന യാത്ര മൂന്നു രാത്രിയും രണ്ടു പകലും നീണ്ടുനിൽക്കുന്നതാണ്. സ്ലീപ്പർ ബസുകളിലാണ് മൂന്നാറിലേക്കുള്ള യാത്ര. യാത്രയും താമസ സൗകര്യവും മാത്രമുൾപ്പെടുന്ന ഈ പാക്കേജിന് 2500 രൂപയാണ് ടിക്കറ്റ് വില. ഗവിയിലേക്ക് ഒരാൾക്ക് 5650 രൂപയാണ് നിരക്ക്.
ഹൗസ് ബോട്ടിൽ സമയം ചെലവഴിക്കാനുള്ള സൗകര്യം മുതൽ ഭക്ഷണം, താമസം, ക്യാമ്പ് ഫയർ തുടങ്ങിയവ അടങ്ങിയതാണ് 3900 രൂപയുടെ വാഗമൺ പാക്കേജ്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെ സാധാരണക്കാർക്ക് ആഡംബര കപ്പൽയാത്ര സാധ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച കപ്പൽയാത്ര ഇതിന്റെ മുഖ്യ ആകർഷണമാണ്. അഞ്ചു മുതൽ പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റിനിളവുണ്ട്.
മുതിർന്നവർക്ക് 3850 രൂപയും കുട്ടികൾക്ക് 2150 ആണ് ഈ യാത്രയുടെ ടിക്കറ്റിന്റെ വില. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിലവിൽ അഞ്ചു ടൂർ സർവിസുകളാണ് ഇപ്പോഴുള്ളത്. മറ്റു സർവിസുകളായ റാണിപുരം-ബേക്കൽകോട്ട, പൈതൽമല-പാലക്കയം തട്ട് തുടങ്ങിയവ സീസൺ അല്ലാത്തതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഉല്ലാസയാത്ര പാക്കേജ് ഒരു കോടിയിലധികമാണ് ആനവണ്ടിക്ക് സമ്പാദിച്ചുകൊടുത്തത്. 200ഓളം വിനോദയാത്രകൾ ഇതുവരെ നടത്തി. ഇതിനോടകം തന്നെ ഏപ്രിൽ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ പാക്കേജുകളിൽ ഭൂരിഭാഗവും ബുക്കിങ്ങായതായി യൂനിറ്റ് കോഓഡിനേറ്റർ കെ.ആർ. തൻസീർ പറഞ്ഞു.
യാത്രക്ക് ബുക്ക് ചെയ്യാം
കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രയിൽ പങ്കെടുക്കുന്നവർക്ക് ഫോൺ വഴി ബുക്ക് ചെയ്യാൻ സൗകര്യം. 9496131288/ 8098463675 എന്നീ നമ്പറുകളിൽ വിളിച്ച് യാത്രകൾ ബുക്ക് ചെയ്യാം.