ചെറുപുഴ : തേജസ്വിനിപ്പുഴയുടെ തീരത്തെ മാലിന്യക്കൂമ്പാരത്തിനു വീണ്ടും തീ പിടിച്ചു. ചെറുപുഴ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യം വലിച്ചെറിയുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. പെരിങ്ങോം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണു തീ അണച്ചത്.
പുഴ തീരത്തു തീ പിടിച്ചതോടെ ചെറുപുഴ ബസ് സ്റ്റാൻഡും പരിസരവും പുകപടലങ്ങളിൽ മുങ്ങി. രാത്രികാലത്തു സാമൂഹിക വിരുദ്ധരാണു ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.വി.അശോകൻ, ജീവനക്കാരായ സി.ശശിധരൻ, പി.കെ.സുനിൽ, പി.പി.ലിജു, പി.വി.ഷൈജു, എം.പി.റിജിൻ, പി.എം.മജീദ്, വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണു തീ അണച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയും തേജസ്വിനിപ്പുഴയുടെ തീരത്തു തീപിടിത്തം ഉണ്ടായിരുന്നു. നിർമാണം നടന്നുവരുന്ന വയക്കര വില്ലേജ് ഓഫിസിനു പിന്നിലാണു തീപിടിത്തം ഉണ്ടായത്. അന്നും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണു തീ കെടുത്തിയത്. മാലിന്യത്തിന് ആസൂത്രിതമായി തീ ഇടുന്നതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
വിവരം അറിഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സിബി എം.തോമസ്, കെ.ഡി.പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി. തീപിടിത്തം അറിഞ്ഞ് ഒട്ടേറെ ആളുകൾ സ്ഥലത്തു തടിച്ചു കൂടിയിരുന്നു.
തെങ്ങിൻ തോപ്പിൽ തീ പിടിത്തം
തിരുമേനി ∙ ടൗണിനു സമീപത്തെ തെങ്ങിൻ തോപ്പിൽ തീപിടിത്തം ഉണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. പ്രദേശവാസികളും നാട്ടുകാരും ചേർന്നു തീ അണച്ചു. പെരിങ്ങോത്ത് നിന്നു അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം തീ പടരുന്നതു തടയാനായി.
റബർതോട്ടത്തിൽ തീ പടർന്നു
ചൂരൽ ∙ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരലിൽ അരവിന്ദൻ വെള്ളൂരിന്റെ റബർതോട്ടത്തിൽ കഴിഞ്ഞ ദിവസം തീ പടർന്നു. നൂറോളം റബർ മരങ്ങൾ കത്തി നശിച്ചു. പെരിങ്ങോത്ത് നിന്ന് സി.പി.ഗോകുൽദാസിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘമാണു തീ അണച്ചത്.
ഫയർഫോഴ്സ് കുതിച്ചെത്തിയതിനാൽ സമീപത്തെ ഗ്യാസ്ഗോഡൗണിലേക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീപടരുന്നത് തടയുവാൻ കഴിഞ്ഞു. കെ.സുനിൽകുമാർ, എം.ജയേഷ്കുമാർ, പി.പി.ലിജു, വി.വി.വിനീഷ്, പി.രാഗേഷ്, ജെ.ജഗൻ, ഷാജി ജോസഫ്, വി.എൻ.രവീന്ദ്രൻ, ജോർജ് ജോസഫ് കൊങ്ങോല എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പെരളം വെരീക്കര വയലിൽ അഗ്നിബാധ
കരിവെള്ളൂർ ∙ പെരളം വെരീക്കര വയലിൽ അഗ്നിബാധ. കോയിത്താറ്റിൽ പാടശേഖരത്തിലെ വയലിലാണ് ഇന്നലെ വൈകിട്ട് 5ന് തീപിടിത്തം ഉണ്ടായത്.
വയലിലെ ഒട്ടേറെ ചെടികൾ തീപിടിത്തത്തിൽ നശിച്ചു. പയ്യന്നൂർ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണു തീ അണച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി.