മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്;അതിരുകല്ലുകളിടുന്നത് 31-നകം പൂർത്തിയാക്കും

Share our post

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർവിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്നത് 31-നകം പൂർത്തിയാക്കും.കല്ലുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള കുറ്റി അടയാളപ്പെടുത്തൽ നിലവിൽ അവസാനഘട്ടത്തിലാണ്.

മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ നാലുവരിപ്പാതയും അവിടെ നിന്ന് മാനന്തവാടി വരെ രണ്ടുവരിപ്പാതയുമാണ് അതിരടയാളപ്പെടുത്തുന്നത്.

നാലുവരിപ്പാതയിൽ അഞ്ചിടങ്ങളിലാണ് സമാന്തര പാതകൾ നിർമിക്കുക.കേളകം ടൗണിനെ ഒഴിവാക്കി വില്ലേജ് ഓഫീസ് മുതൽ മഞ്ഞളാംപുറം യു.പി.സ്‌കൂൾ വരെ 1.125 കി.മീറ്റർ,പേരാവൂർ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതൽ തെരു വരെ 2.525 കി.മീറ്റർ,തൃക്കടാരിപ്പൊയിലിൽ 550 മീറ്റർ,മാലൂരിൽ 725 മീറ്റർ,ശിവപുരം മുതൽ മട്ടന്നൂർ വരെ 4.495 കി.മീറ്റർ എന്നിങ്ങനെയാണ് സമാന്തര പാതകൾ നിർമിക്കുന്നത്.

കേളകത്ത് കുറ്റിയടയാളപ്പെടുത്തൽ പൂർത്തിയായെങ്കിലും അലൈന്മെന്റിൽ വ്യത്യാസമുണ്ടായെന്ന പരാതിയിൽ തുടർ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.തൃക്കടാരിപ്പൊയിൽ,മാലൂർ എന്നിവിടങ്ങളിൽ കുറ്റി അടയാളപ്പെടുത്തൽ പൂർത്തിയായി.

ശിവപുരത്തും പേരാവൂരിലും അടുത്തദിവസം തന്നെ അടയാളപ്പെടുത്തൽ പൂർത്തിയാവും.കുറ്റി അടയാളപ്പെടുത്തൽ പൂർത്തിയാകുന്ന മുറക്ക് അതിരുകല്ലുകൾ സ്ഥാപിക്കും.

മാർച്ച് 31-നകം അതിരുകല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കണമെന്നാണ് കരാർ.കേളകത്തെ നിർത്തിവെച്ച പ്രവൃത്തിയും 31-നകം പൂർത്തിയാക്കും.

പേരാവൂരിലെ സമാന്തരപാതയിൽ തെരു ഗണപതി ക്ഷേത്രത്തെ ഒഴിവാക്കി അലൈന്മെന്റിൽ മാറ്റം വരുത്തിയാവും അതിരുകല്ലുകൾ സ്ഥാപിക്കുക.വിമാനത്താവള റോഡ് കടന്നുപോകാൻ സാധ്യതയുള്ള സ്ഥലത്ത് മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകുന്നത് നിർത്തിവെച്ചിട്ട് വർഷങ്ങളായി.

ഇത് കാരണം വീടുകളും കെട്ടിടങ്ങളുംനിർമിക്കാൻ കഴിയാതെ നിരവധിയാളുകൾ ദുരിതത്തിലാണ്.അതിരുകല്ലുകൾ പൂർണമായും സ്ഥാപിച്ചു കഴിഞ്ഞ ശേഷമേ പുതിയ നിർമാണപ്രവൃത്തികൾക്ക് ബന്ധപ്പെട്ട പഞ്ചായത്തുകൾ അനുമതി നൽകുകയുള്ളൂ.

വിമാനത്താവള റോഡിന് സ്ഥലം ഏറ്റെടുക്കാൻ 964 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!