Breaking News
വിറകു തേടിയുള്ള യാത്ര മരണത്തിൽ അവസാനിച്ചു; കാട്ടാനക്കലിയിൽ അനാഥമായത് മൂന്ന് കുട്ടികള്‍
ആറളം ഫാം : കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ടതോടെ അനാഥരായത് 3 കുട്ടികളാണ്. രഘുവിന്റെ ഭാര്യ ബീന 6 വർഷം മുൻപു തീ പൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതു രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണു വിറകു ശേഖരിച്ചിരുന്നത്. ഇന്നലെ വിറകു തേടിയുള്ള യാത്ര മരണത്തിൽ അവസാനിച്ചു. ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും.
ആന ഫാമിൽ തന്നെ നിലയുറപ്പിച്ചതായി ആശങ്ക
ആറളം ഫാം∙ രഘുവിനെ കൊലപ്പെടുത്തിയ കാട്ടാന ഫാമിലെ പത്താം ബ്ലോക്കിൽ തന്നെ നിലയുറപ്പിച്ചതായി ആശങ്ക. ആനയുടെ ആക്രമണത്തിനിരയായി രഘു വീണുകിടന്ന സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടാന സമീപത്തുണ്ടെങ്കിൽ അകറ്റാനായി പടക്കം പൊട്ടിച്ചിരുന്നു. എങ്കിലും കാട്ടാന സമീപത്തെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടാകുമെന്നാണു ഫാമിലുള്ളവരും പൊലീസും കരുതുന്നത്. ആന പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നുണ്ട്. വിറകു ശേഖരിക്കാൻ വീട്ടിൽ നിന്നിറങ്ങി സാധാരണ രഘു നടന്നിരുന്ന വഴിയിൽ തന്നെയാണ് ആനയെത്തി ആക്രമിച്ചത്. രഘുവിന്റെ വീടിനു മുന്നിലുള്ള റോഡിൽ നിന്ന് ഏതാണ്ട് 60 മീറ്റർ അകലെയാണു സംഭവം നടന്ന സ്ഥലം.
‘രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’
ആറളം ഫാം ∙ ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ കൂടെയുണ്ടായിരുന്ന പി.സിജു സംഭവത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ: ‘എടൂരിൽ ലോഡിങ് തൊഴിലാളിയാണു ഞാൻ. ഇന്നലെ ജോലിക്കു പോയെങ്കിലും പണിയില്ലാത്തതിനാൽ തിരിച്ചു വന്നു. പശുവിനു തീറ്റ കൊടുക്കാൻ പുല്ലരിയുന്നതിനായി ഇറങ്ങിയപ്പോഴാണു വിറകു ശേഖരിക്കണമെന്നു പറഞ്ഞ് രഘുവും ഒപ്പം കൂടിയത്. വീടിന്റെ വടക്കു ഭാഗത്ത് ഫാമിലൂടെ ഏതാണ്ട് 60 മീറ്റർ നടന്ന ശേഷം പുല്ലരിയുന്നതിനും വിറകു ശേഖരിക്കുന്നതിനുമായി ഞങ്ങൾ മാറി നടന്നു.ഞങ്ങൾ തമ്മിൽ 15 മീറ്ററോളം അകലമുള്ളപ്പോഴാണു ദൂരെ വള്ളിപ്പടർപ്പുകൾ ശക്തമായി ഇളകുന്നതു കണ്ടത്. ആന ഓടി വരികയാണെന്നു മനസ്സിലാക്കി ഓടിക്കോ എന്ന് അലറി വിളിച്ചു ഞാൻ താഴെ റോഡിലേക്കോടി. ഞങ്ങൾ നടന്നുപോയ വഴിയിലൂടെയാണു രഘു തിരിച്ചോടിയത്. ഓടുന്നതിനിടയിൽ രഘു അലറി വിളിക്കുന്നതും ആന ചിന്നം വിളിക്കുന്നതും കേട്ടിരുന്നു. രഘുവിനെ ആന ആക്രമിച്ചെന്നു മനസ്സിലായതോടെ ഓടി രഘുവിന്റെ സഹോദരൻ രമണന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ആന സമീപത്തുണ്ടെങ്കിൽ മാറി പോകുന്നതിനായി പടക്കം പൊട്ടിച്ച ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം രഘു കിടക്കുന്ന സ്ഥലത്തേക്കു പോയത്.’
മുഖ്യമന്ത്രിയുടെ വാക്കിനും പുല്ലുവില; മതിലും വന്നില്ല, വേലിയും വന്നില്ല
ഇരിട്ടി ∙ കാട്ടാനകളുടെ ആക്രമണത്തിൽ ഓരോ ജീവൻ പൊലിയുമ്പോഴും ആറളം ഫാമിലും പരിസരത്തുമുള്ളവർ നിലവിട്ടു പ്രതിഷേധിക്കുന്നത് ഇനിയൊരു ജീവൻകൂടി പൊലിയരുതെന്ന ദൃഢനിശ്ചയവുമായാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വൻ പ്രഖ്യാപനങ്ങൾ നടത്തി പ്രതിഷേധം തണുപ്പിച്ച് പൊടിയുംതട്ടി സ്ഥലംവിടുന്നതും ആവർത്തിക്കുന്നു, ഒപ്പം കാട്ടാനകളുടെ ആക്രമണങ്ങളും. കഴിഞ്ഞ സെപ്റ്റംബർ 27ന് ഫാമിൽ പതിനൊന്നാമത്തെ രക്തസാക്ഷിയായ വാസു കാളികയത്തിന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം കനത്തപ്പോൾ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു.
ആനമതിൽ നിർമിക്കുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. വനംമന്ത്രിയും ചീഫ് സെക്രട്ടറിയും കലക്ടറും വൈൽഡ് ലൈഫ് വാർഡനും എല്ലാം കയ്യടിച്ചു പാസാക്കിയ തീരുമാനമാണു പതിവുപോലെ പാഴ്‌വാക്കായത്. ആറു മാസം പിന്നിടുമ്പോൾ ഫാമിൽ വീണ്ടും കാട്ടാനക്കലി ചോരവീഴ്ത്തി. ഇന്നും നാളെയുമായി വീണ്ടുമെത്തും ഇതേ ഉന്നതതല സംഘം. വെറുംവാക്കുകൾ ആവർത്തിക്കാനെന്ന് പുച്ഛത്തോടെയും നിസ്സഹായതയോടെയും പറയുന്നുണ്ട് ഫാം നിവാസികൾ.
2019 ജനുവരി 6ന് അന്നത്തെ പട്ടികവിഭാഗ മന്ത്രി എ.കെ.ബാലനായിരുന്നു വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ആനമതിൽ നിർമിക്കുമെന്നു പ്രഖ്യാപിച്ചത്. ടിആർഡിഎം ഫണ്ടിൽ നിന്ന് 22 കോടി രൂപയും ഇതിനായി അനുവദിച്ചു. എന്നാൽ വനംവകുപ്പും ഉദ്യോഗസ്ഥ ലോബിയും നിരന്തരം പാര പണിതതോടെ മതിൽ കടലാസിലൊതുങ്ങി. കാട്ടാനകൾ ആക്രമണം തുടർന്നപ്പോൾ 2022 ജനുവരിയിൽ ടെൻഡർ നൽകാനായി പിഡബ്യുഡി എസ്റ്റിമേറ്റ് പുതുക്കി. അപ്പോഴേക്കും 10.5 കിലോമീറ്ററിന് തുക 46.2 കോടിയായി ഉയർന്നിരുന്നു. ബാക്കി 3 കിലോമീറ്റർ റെയിൽ ഫെൻസിങ്ങിന് കോടികൾ വേറെയും വേണം. ഇതോടെ പദ്ധതി വിവാദത്തിലായി.
തൊട്ടടുത്ത പാലപ്പുഴ മുതൽ കണിച്ചാർ കാളികയം വരെയുള്ള എട്ടര കിലോമീറ്ററിൽ നാട്ടുകാർ കൈകോർത്ത് ഒരുക്കിയ സൗരോർജ തൂക്കുവേലിക്ക് ആകെ ചെലവ് 4.8 ലക്ഷം രൂപ മാത്രമാണ്. തൂക്കുവേലി പണിത് രണ്ടു വർഷത്തിനിടെ ഒരിക്കൽപ്പോലും കാട്ടാനകൾ ഇതുവഴി കടന്നുവന്നിട്ടില്ല. അതിവേഗം ചെയ്യാവുന്ന പദ്ധതിയായിട്ടും ഇവിടെ തൂക്കുവേലി നിർമിക്കാനും അധികൃതർ തുനിഞ്ഞില്ല. കോടികളുടെ പദ്ധതികളിൽ കണ്ണിട്ട് എല്ലാത്തിനും ഉടക്കിടുന്ന എല്ലാ ഉന്നതരോടുമുള്ള തീർത്താൽ തീരാത്ത അമർഷമാണ് ഓരോ ദുരന്തമുണ്ടാകുമ്പോഴും പ്രകടിപ്പിക്കുന്നതെന്ന് ആറളം ഫാം നിവാസികൾ പറയുന്നു.
കാട്ടാനക്കലിക്ക് പന്ത്രണ്ടാമത്തെ രക്തസാക്ഷി
ആറളം ഫാം ∙ ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന് സർക്കാരുകൾ തള്ളിമറിക്കുന്ന ആറളം ഫാമിൽ ഇന്നലെ പൊലിഞ്ഞത് പന്ത്രണ്ടാമത്തെ ജീവൻ. 2014 ഏപ്രിൽ 20ന് ബ്ലോക്ക് 13ൽ ചോമാനിയിൽ മാധവിയെയാണ് ആറളം ഫാമിൽ ആദ്യം ആന കൊലപ്പെടുത്തുന്നത്. വീട് തകർത്തായിരുന്നു ആക്രമണം. ബ്ലോക്ക് 7ൽ 2015 ഏപ്രിൽ 6ന് ബാലനെയും 2017 മാർച്ച് 7ന് ബ്ലോക്ക് 10ൽ അമ്മിണിയെയും അതേ വർഷം ഏപ്രിലിൽ 5ന് ബ്ലോക്ക് 3ൽ പൈനാപ്പിൾ കൃഷി സൂപ്പർവൈസറായിരുന്ന വാളത്തോടെ റജിയെയും കാട്ടാന കൊലപ്പെടുത്തി.
2018 ഒക്ടോബർ 30ന് ബ്ലോക്ക് 13ൽ ദേവു കരിയാത്തനെയും അതേ വർഷം ഡിസംബർ 8ന് ബ്ലോക്ക് 10ൽ പുലിക്കരി ചപ്പിലി കൃഷ്ണനെയും 2020 ഓക്ടോബർ 31ന് ബ്ലോക്ക് 7ൽ ബബീഷിനെയും 2021 ഏപ്രിൽ 26ന് ഫാമിലെ തൊഴിലാളി ബന്ദപ്പാലൻ നാരായണനെയും കാട്ടാന കൊലപ്പെടുത്തി. 2022 ജനുവരി 31ന് ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി.റിജേഷ്, ജൂലൈ 14ന് ഏഴാം ബ്ലോക്കിലെ പി.എ.ദാമു, സെപ്റ്റംബർ 27ന് എട്ടാം ബ്ലോക്കിലെ വാസു കാളികം എന്നിവർ കൊല്ലപ്പെട്ടു. ഇന്നലെ വിറകു ശേഖരിക്കാൻ പോയ പത്താം ബ്ലോക്കിലെ കണ്ണവീട്ടിൽ രഘുവാണു കാട്ടാനക്കലിക്ക് ഇരയായത്.
2009ൽ ഫാമിൽ തന്നെ ചീര എന്ന സ്ത്രീയെ കാട്ടുപന്നി കുത്തിക്കൊന്നിരുന്നു. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റവരും ഒട്ടേറെയുണ്ട് ഫാമിലും പുറത്തും. ആറളം ഫാമിൽ 4 വർഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ വിളനാശവും ഉണ്ടായി. ആറളം വനത്തിനുള്ളിൽ ഫയർലൈൻ ജോലിക്കു പോയ പൊയ്യ ഗോപാലനെ കാട്ടാന കൊന്നത് 2017 ഫെബ്രുവരി രണ്ടിനായിരുന്നു. ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് 2017 ജനുവരിയിൽ അടക്കാത്തോട് നരിക്കടവ് സ്വദേശി ബിജു കൊല്ലപ്പെട്ടത്. 2018 ഓഗസ്റ്റ് 11ന് എടക്കാനത്ത് തോട്ടത്തിൽ വർഗീസിനെ കുത്തിക്കൊന്നത് കാട്ടുപന്നിയായിരുന്നു.
2020 മാർച്ച് ഒന്നിനു വീടിനു മുന്നിലെ നടവഴിയിലാണ് കൊട്ടിയൂരിലെ ആഗസ്തിയെ ആന ആക്രമിച്ചത്. 2021 ഫെബ്രുവരി 9ന് പടിയൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മീനോത്ത് നിഖിൽ അപകടത്തിൽപ്പെട്ടു മരിക്കാൻ കാരണം കാട്ടുപന്നി കുറുകെച്ചാടിയതായിരുന്നു. 2019 ഓഗസ്റ്റിൽ ചെറുപുഴ ആറാട്ടുകടവ് ആദിവാസി കോളനിയിലെ പുതിയ വീട്ടിൽ പത്മനാഭൻ, 2021 സെപ്റ്റംബർ 26ന് വള്ളിത്തോട് പെരിങ്കരിയിൽ ജസ്റ്റിൻ എന്നിവരാണ് മേഖലയ്ക്കു പുറത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടവരും ഗുരുതര പരുക്കുകളോടെ ദുരിതക്കിടക്കയിൽ ജീവിതം തള്ളിനീക്കുന്നരും ഒട്ടേറെയുണ്ട് ഈ മേഖലയിൽ.
അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിച്ച് പിടികൂടും: വനം മന്ത്രി
ഇരിട്ടി ∙ ആറളം ഫാമിലെ അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിച്ചു പിടികൂടി വനത്തിലേക്ക് വിടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.
‘രഘുവിന്റെ മക്കളുടെ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം’
കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണാ രഘുവിന്റെ മൂന്നു പിഞ്ചുമക്കളുടെ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. കുടുംബത്തിനും ആദിവാസി സമൂഹത്തിനും നേരിട്ട തീരാനഷ്ടത്തിൽ പങ്കു ചേരുന്നു. വനം വകുപ്പ് ധനസഹായം 10 ലക്ഷം രൂപ ഉടൻ നൽകണം. ആറളം ഫാമിന്റെയും ആദിവാസി മേഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ ആനമതിൽ നിർമിക്കാൻ തീരുമാനിച്ചതാണ്. പുതുക്കിയ എസ്‌റ്റിമേറ്റും പ്ലാനും എസ്‌ടി വകുപ്പ് സംസ്ഥാന ധനവകുപ്പിന് അയച്ചിട്ടുണ്ട്. എസ്‌റ്റിമേറ്റിന് ധനവകുപ്പ് ഉടൻ അംഗീകാരം നൽകി ആനമതിൽ നിർമാണത്തിന്റെ ടെൻഡർ നടപടികൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാശ്വതപരിഹാരം ഇനിയും വൈകരുത്: മാർട്ടിൻ ജോർജ്
കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാനകളുടെ കടന്നുകയറ്റം തടയാൻ ശാശ്വതപരിഹാരം ഇനിയും വൈകരുതെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ‘കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വേർപാട് അത്യന്തം ദുഃഖകരമാണ്. കാട്ടാനയുടെ ആക്രമണത്തിൽ ഓരോ മരണം സംഭവിക്കുമ്പോഴും ചർച്ച നടക്കുന്നതല്ലാതെ, ഒന്നും പ്രാവർത്തികമാകാത്ത സ്ഥിതിയാണ്. ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺക്രീറ്റ് മതിൽ പൂർത്തീകരിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികളുടെ യോഗത്തിലും ഇതേ നിർദേശം ഉയർന്നതാണ്. ശാശ്വത പരിഹാരത്തിനായി പ്രത്യേക മാസ്റ്റർപ്ലാൻ തയാറാക്കണം,’ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.
ഗൗരവകരമായ അലംഭാവം: സണ്ണി ജോസഫ്
ആറളം ∙ സർക്കാരിന്റെ അനാസ്ഥയുടെയും അവഗണനയുടെയും അലംഭാവത്തിന്റെയും ഇരയും രക്തസാക്ഷിയുമാണ് ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവെന്ന് സണ്ണി ജോസഫ് എംഎൽഎ. ഈ നിയമസഭ നിലവിൽ വന്നതിനു ശേഷം വന്യമൃഗശല്യം ഇല്ലാതാക്കണമെന്നും ആനമതിൽ നിർമിക്കണമെന്നും ഒട്ടേറെ തവണ ഒട്ടേറെ വിധത്തിൽ ആവശ്യപ്പെട്ടു. ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറായില്ല. അനുകൂലമായ നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. സർക്കാരും വനം വകുപ്പും ഗൗരവകരമായ അലംഭാവമാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു