കോൺഗ്രസ് കുടുംബത്തിന്റെ സമരം എം.എൽ.എ ഓഫീസിലേക്ക്

ഇരിട്ടി: മാടത്തിൽ നാരായണിത്തട്ടിൽ കോളേജാരംഭിക്കാനെന്ന് പ്രലോഭിപ്പിച്ച് കോൺഗ്രസ് നേതാക്കളിൽ ചിലർ കൈക്കലാക്കിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചാലയിലെ പരമ്പരാഗത കോൺഗ്രസ് കുടുംബം ഇരിട്ടിയിൽ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം സണ്ണി ജോസഫ് എം.എൽ.എയുടെ ഓഫീസിനുമുന്നിലേക്ക് മാറ്റി.
71 ദിവസമായി ഇരിട്ടി പഴയ ബസ്‌സ്‌റ്റാൻഡിൽ തുടരുന്ന സമരം ഒത്തുതീർക്കാൻ എം.എൽ.എ മുൻകൈയെടുക്കണമെന്നും കോൺഗ്രസ് നേതാവ് കൈക്കലാക്കിയ ഭൂമി തിരിച്ച് നൽകാൻ ഇടപെടണമെന്നും സമരത്തിന് നേതൃത്വം നൽകുന്ന ചാലയിലെ കെ .കെ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സഹോദരങ്ങളായ കെ. കെ ജനാർദനൻ, കെ .കെ രാധ, കെ .കെ പ്രേമലത, കെ. കെ അഭിലാഷ് എന്നിവരും നീതിക്കുവേണ്ടിയുള്ള സത്യഗ്രഹ സമരത്തിലുണ്ട്. സി.പി.ഐ .എം നേതാക്കളായ ഇ എസ് സത്യൻ, കെ മോഹനൻ എന്നിവർ ഉൾപ്പെടെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സത്യഗ്രഹികളെ സന്ദർശിച്ചു.