കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യവണ്ടി ആറളത്തേക്ക്. പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടാണ് ജില്ലയിൽ ആദ്യ സർവിസ് യാഥാർഥ്യമാകുന്നത്.
2022 ജൂലൈയിലാണ് പദ്ധതിയുടെ ഉദ്ഘാടനം എം.വി. ഗോവിന്ദൻ മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരം പാറശ്ശാലയിൽ നിർവഹിക്കുന്നത്.
കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ പുനസ്ഥാപിക്കാൻ സാധ്യമാക്കുകയെന്നും പദ്ധതി ലക്ഷ്യമായിരുന്നു. ഇത്രയും കാലമായിട്ട് ജില്ലയിൽ ആറളം പഞ്ചായത്ത് മാത്രമാണ് ഗ്രാമവണ്ടി സർവിസിനായി കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിച്ചത്. ആറളം പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ്, കെ.എസ്.ആർ.ടി.സി, എന്നിവർ കൈകോർത്താണ് ആദ്യ ഗ്രാമവണ്ടി ജില്ലയിൽ സർവിസിനൊരുങ്ങുന്നത്.
ഓപറേറ്റ് ചെയ്യാതെ മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ ഡീസൽ ചെലവ് വഹിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാനാവുന്നതാണ് പദ്ധതി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും സെക്രട്ടറിമാർക്കും പദ്ധതി സംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിശദമായ രൂപരേഖ കൈമാറിയിട്ടുണ്ടെങ്കിലും സർവിസ് തുടങ്ങാനായി ആരും താൽപര്യമറിയിച്ചിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകൾക്ക് ഇന്ധനച്ചെലവ് വഹിക്കൽ ഇരട്ടിഭാരമാണ്.
ദിവസേന 5,000 രൂപയെങ്കിലും ഡീസൽ ചെലവായി തദ്ദേശസ്ഥാപനങ്ങൾ വഹിക്കേണ്ടിവരും. ജീവനക്കാർക്ക് അടക്കം ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന പഞ്ചായത്തുകൾക്ക് പദ്ധതി ഏറ്റെടുക്കാനാകാത്താണ് പദ്ധതിക്ക് തിരിച്ചടിയായത്.
പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ മലയോര മേഖലയിലടക്കം പൊതുഗതാഗതം ശക്തമാകും. എന്നാൽ, പദ്ധതി ഏറ്റെടുക്കണമെങ്കിൽ മാസം ഒന്നരലക്ഷം രൂപയെങ്കിലും കണ്ടെത്തണം. ഒരുമാസത്തെ തുക കെ.എസ്.ആർ.ടി.സിയിൽ മുൻകൂറായി അടച്ചാൽ മാത്രമേ സർവിസ് തുടങ്ങുകയുള്ളൂ. കുടിശ്ശിക വരുത്തുകയാണെങ്കിൽ പലിശയും അടക്കേണ്ടിവരും. യാത്രക്ക് സാധാരണ ടിക്കറ്റ് നിരക്കാണ് ഈടാക്കുക. ഇതാണ് പദ്ധതിയിൽ നിന്ന് പല പഞ്ചായത്തുകളും മുഖംതിരിഞ്ഞ് നിൽക്കാൻ കാരണം.
ആറളം ഫാം സ്കൂളിലെ വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറളത്ത് പദ്ധതിക്ക് തുടക്കമാകുന്നത്. മാർച്ച് അവസാനത്തോടെ ഗ്രാമവണ്ടി ആറളത്തേക്ക് ഓടിത്തുടങ്ങും. നിലവിൽ ഫാം സ്കൂളിലെ കുട്ടികൾ കിലോ മീറ്റർ നടന്നും ജീപ്പിലുമാണ് സ്കൂളിലെത്തുന്നത്.
ജീപ്പിന് പണം നൽകാനില്ലാത്തതിനാൽ മിക്ക കുട്ടികളും പഠനം നിർത്തേണ്ട സാഹചര്യവുമായി. ഇതോടെ പദ്ധതി ആരംഭിക്കാൻ ആറളം പഞ്ചായത്ത് മുൻകൈയെടുക്കാൻ കാരണം. മലയോരത്ത് അടക്കം വിദ്യാർഥികൾ ഉൾപ്പെടെ യാത്രപ്രശ്നം അനുഭവിക്കുന്നത് രൂക്ഷമാണ്. കൂടുതൽ പഞ്ചായത്തുകൾ ഗ്രാമവണ്ടി സർവിസിന് മുൻകൈയെടുത്താൽ യാത്രക്ലേശം ഒരുപരിധിവരെ പരിഹരിക്കാനാകും.