ഏഴഴകിന് കഴുതപ്പാൽ സോപ്പ്

Share our post

കണ്ണൂർ: പറഞ്ഞും കേട്ടും മനുഷ്യർ ഒന്നിനും കൊള്ളാതാക്കിയ ജീവിയാണ്‌ കഴുത. വിഡ്‌ഢിത്തം പറയുന്നവരെ നമ്മൾ ‘മരക്കഴുത’ എന്നുവിളിച്ച് അധിക്ഷേപിക്കാറുമുണ്ട്‌. എന്നാൽ, കഴുതയുടെയും കഴുതപ്പാലിന്റെയും സവിശേഷത വെളിപ്പെടുത്തുകയാണ്‌ കണ്ണൂർ ടൗൺ സ്‌ക്വയറിലെ സംസ്ഥാന ഖാദി എക്‌സ്‌പോ.

പന്ത്രണ്ടിലധികം വിറ്റമിനുകളടങ്ങിയ കഴുതപ്പാലും കുങ്കുമപ്പൂവും ചേർത്ത്‌ ‘ബേമോസ്‌ ബേ’ നിർമിച്ച ‘ഡോങ്കി മിൽക്‌ സഫ്രോൺ ബാർ’ മേളയുടെ ആകർഷണമാണ്‌. തൃശൂർ പേരമംഗലം സ്വദേശിനി ശാരി ചങ്ങരംകുമരത്ത്‌ ‘ബേമോസ്‌ ബേ’ എന്നപേരിൽ മൂന്ന്‌ വർഷം മുമ്പാണ്‌ സൗന്ദര്യവർധക ഉൽപ്പന്ന നിർമാണ യൂണിറ്റ്‌ തുടങ്ങിയത്‌.

കഴുതപ്പാലിന്റെ ഗുണങ്ങളുള്ള സോപ്പ്‌ വിപണിയിലെത്തിക്കുകയെന്ന ആശയമാണ്‌ ഖാദി ബോർഡിന്റെ സഹകരണത്തോടെ സംരംഭമാക്കിയത്‌. വിറ്റാമിൻ–- എ, ബി വൺ, ബി ടു, സി, ഇ, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, സിങ്ക്‌, ഇമ്യൂണോഗ്ലോബലിൻ, മഗ്‌നീഷ്യം, കാൽസ്യം എന്നിവയാൽ സമൃദ്ധമായ കഴുതപ്പാൽ പണ്ടുകാലംതൊട്ടേ സൗന്ദര്യവർധക വസ്‌തുവായി ഉപയോഗിച്ചിരുന്നു.

ഇത്‌ നിർജീവമായ ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചർമത്തിന്റെ ജലാംശം നിലനിർത്തുകയും ചെയ്യും. അകാലവാർധക്യവും തടയും. ഗുണത്തിനൊപ്പം കഴുതപ്പാൽ സോപ്പിന് വിലയുമേറും. സാധാരണ ഒരു ബാത്ത്‌ സോപ്പിന്റെ വലിപ്പമുള്ള ഡോങ്കി മിൽക്ക്‌ സോപ്പിന്‌ അഞ്ഞൂറ്‌ രൂപയാണ്‌ വില. അയ്യായിരം മുതൽ പതിനായിരം രൂപ വരെ ഒരു ലിറ്റർ കഴുതപ്പാലിന്‌ വിലവരും.

സോപ്പ്‌ നിർമാണത്തിനുള്ള പാൽ തമിഴ്‌നാട്ടിൽനിന്നാണ്‌ എത്തിക്കുന്നത്‌. ട്രിപ്പിൾ ബട്ടർ, പപ്പായ, രക്തചന്ദനം, കറ്റാർവാഴ, ആര്യവേപ്പ്‌ എന്നിവയുടെ സോപ്പുകളുമുണ്ട്‌. അലർജിയുൾപ്പടെയുള്ള ത്വക്ക്‌ രോഗങ്ങൾക്ക്‌ പരിഹാരമാകുന്ന ദന്തപാല ആയുർവേദമരുന്നിന്റെ ബാം, 41 പച്ചിലകളിൽനിന്നുണ്ടാക്കിയ എണ്ണ തുടങ്ങിയവയുമുണ്ട്‌. പ്രകൃതിദത്ത വസ്‌തുക്കളിൽനിന്ന്‌ നിർമിച്ച ഫെയ്‌സ്‌ വാഷ്‌, ഷാംപൂ, ഫെയ്‌സ്‌ പാക്ക്‌ എന്നിവയും വിൽപ്പനയ്‌ക്കുണ്ട്‌. ബേമോസ്‌ ബേയുടെ ഉൽപന്നങ്ങൾ വിദേശത്തേക്ക്‌ കയറ്റുമതിയും ചെയ്യുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!