കണ്ണൂർ: രോഗികൾക്ക് ഏതുസമയവും ഡോക്ടറുമായി സംശയ നിവാരണത്തിനായി ഹലോ ഡോക്ടർ പദ്ധതിയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിക്ക് ജില്ല വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിരവധി നൂതന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പാക്കുന്നത്. ബ്ലോക്കിന്റെ തനതുഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം ചെലവഴിച്ചാണ് ഹലോ ഡോക്ടർ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ അംഗീകാരം കൂടി ലഭിക്കുന്നമുറക്ക് പദ്ധതി തുടങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല അറിയിച്ചു.
ഹലോ ഡോക്ടറിലൂടെ രോഗികൾക്ക് ഏത് സമയവവും ഫോണിൽ വിളിച്ച് സംശയനിവാരണം നടത്താം. ഇതിനായി പ്രത്യേക കാൾ സെന്റർ സംവിധാനം ആരംഭിക്കും. കൂടാതെ ഡോക്ടറെ നേരിട്ട് കാണേണ്ടവർക്ക് മാട്ടൂൽ സി.എച്ച്.സിയിൽ ഇതിനായുള്ള സൗകര്യവും തുടർ ചികിത്സക്കുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് വിമല പറഞ്ഞു.
പദ്ധതിക്കായി മാട്ടൂൽ സി.എച്ച്.സി കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക ഡോക്ടറെ നിയമിക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഏപ്രിൽ മാസത്തിൽ ഡോക്ടറുടെ സേവനം ലഭിക്കുന്ന രീതിയിൽ പദ്ധതി തുടങ്ങാനാണ് നീക്കം.
സ്ത്രീകൾക്ക് കൗൺസലിങ്ങിനായി സ്പർശം പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഉടൻ തുടങ്ങും.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഇതിനായി കൗൺസലിങ്ങ് കേന്ദ്രം തുടങ്ങും. ഇവിടെ ഒരു കൗൺസലറെയും നിയമിക്കും. പെൺകുട്ടികൾക്കും വീട്ടമ്മാർക്കും ഓൺലൈനായി ഫോണിലൂടെയും ആവശ്യമുള്ളവർക്ക് നേരിട്ടും കൗൺസലിങ് നൽകുകയെന്നതാണ് സ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ലക്ഷമാണ് നീക്കിവെച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ രണ്ട് പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.
ടാക്സി ഡ്രൈവർമാർക്കായി ഒരു ലക്ഷം വകയിരുത്തി ‘ഹാർട്ട് ദ സേവർ’ എന്ന പദ്ധതിയും നടപ്പാക്കും. ഹൃദ്രോഗികളെ ആശുപത്രിയിലെത്തിക്കുന്നവർക്കായുള്ള ബോധവത്കരണവും രോഗികൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷക്കുള്ള പരിശീലനവുമാണ് ഇതിലൂടെ നൽകുക.
പ്രധാനമായും ടാക്സി ഡ്രൈവർമാർക്കാണ് പദ്ധതിക്ക് കീഴിൽ പരിശീലനം നൽകുക. ഇതിനായി വിദഗ് ധ പരിശീലകനെയും ബ്ലോക്കിന് കീഴിൽ നിയമിക്കും. എരിപുരം താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കായി രണ്ട് മുറി കെട്ടിടത്തിനും രണ്ട് ഡയലിസിസ് മെഷീൻ അനുവദിക്കാനും ബ്ലോക്കിന് കീഴിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് ‘അനുയാത്ര’
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണവുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി. ‘അനുയാത്ര’ പദ്ധതിയിൽപ്പെടുത്തിലാണ് വീൽചെയറുകൾ നൽകിയത്. പഴയങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ ആറു പേർക്കാണ് വീൽചെയർ വിതരണം ചെയ്തത്. 7,62,000 രൂപയാണ് ഫണ്ട് ചെലവഴിച്ചത്.