ഇവിടെ മാലിന്യം ‘മാനേജ്’ ചെയ്യുന്നത് ഒരുകൂട്ടം പോത്തുകൾ: ഒരു തീപ്പൊരി മതി, മറ്റൊരു ബ്രഹ്മപുരമാകാൻ

Share our post

കണ്ണൂർ : കോർപറേഷനും ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം മാലിന്യസംസ്കാരണത്തിനു മാതൃകാപരമായ നടപടികളെടുത്തു മുന്നേറുമ്പോൾ അതൊന്നും ബാധിക്കാത്തൊരു ഇടമുണ്ടു നഗരമധ്യത്തിൽ – കണ്ണൂർ കന്റോൺമെന്റ്. ഫയർ സ്റ്റേഷനു മുൻവശം ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ് ഇവരുടെ മാലിന്യ സംഭരണ കേന്ദ്രം.

വലിയ മതിലുകെട്ടിയ ട്രഞ്ചിങ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി മാലിന്യം മലപോലെ കുന്നുകൂട്ടിയിരിക്കുകയാണ് ഇവിടെ.

എന്നാൽ ഈ മതിൽക്കെട്ടിനു പുറത്തും ഏക്കറുകണക്കിന് ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം പരന്നുകിടക്കുന്നതു കാണാം. ഹോളി ട്രിനിട്രി കത്തീഡ്രലിന്റെ സെമിത്തേരിക്കു സമീപവും റോഡിലേക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടിക്കിടപ്പുണ്ട്.

രാവിലെ മുതൽ കന്റോൺമെന്റിന്റെ വാഹനങ്ങളിൽ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന മാലിന്യം ഉച്ചവരെയുള്ള സമയത്ത് തൊഴിലാളികൾ വേർതിരിക്കാറുണ്ടെങ്കിലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു മാലിന്യക്കൂമ്പാരത്തിന്റെ അളവു കണ്ടാൽ വ്യക്തമാകും.

മാലിന്യം കൂട്ടിയിട്ടിരിക്കുന്ന മതിൽക്കെട്ടിനു പുറത്ത് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ഇവിടെ മാലിന്യം ‘മാനേജ്’ ചെയ്യുന്നത് ഒരുകൂട്ടം പോത്തുകളാണ്.

ജില്ലാ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള മാലിന്യമാണ് പോത്തുകൾ കടിച്ചുവലിക്കുന്നത്. പോത്തുകളെ ഇവയ്ക്കിടയിൽ മേയാൻ വിട്ട് ഗേറ്റ് പൂട്ടിയിട്ട സ്ഥിതിയിലായിരുന്നു ഇന്നലെ വൈകിട്ട് കണ്ട കാഴ്ച. പക്ഷികളും മാലിന്യം കൊത്തിവലിക്കുന്നുണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

കന്റോൺമെന്റ് ബോർഡ് നിലവിലുണ്ടായിരുന്ന സമയത്തു മാലിന്യം കൃത്യമായി വേർതിരിക്കാറുണ്ടായിരുന്നു. ജൈവ മാലിന്യം ഉപയോഗിച്ചു വളം നിർമിച്ച് കിലോ 8 രൂപ നിരക്കിൽ വിൽപന നടത്തുകയും ചെയ്തിരുന്നു. പൂർണമായും സൗജന്യമായി മാലിന്യശേഖരണം നടക്കുന്ന മേഖലയാണ് കന്റോൺമെന്റ്.

രതീഷ് ആന്റണി (കന്റോൺമെന്റ് ബോർഡ് മുൻ അംഗം)

ഇവിടെ മാലിന്യം നിറഞ്ഞതോടെ താവക്കര വെസ്റ്റ് സ്നേഹാലയം റോഡിനു സമീപത്തെ കന്റോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തും മാസങ്ങളോളമായി മാലിന്യം തള്ളുന്നുണ്ട്.‌ പ്രദേശത്തെ കുട്ടികൾ കളിച്ചിരുന്ന മൈതാനമായിരുന്നു ഇത്.

കന്റോൺമെന്റ് മാലിന്യം തള്ളാൻ തുടങ്ങിയതോടെ പുറത്തുനിന്നുള്ളവരും ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. മുൻപ് തീ പടർന്നപ്പോൾ വൈകാതെ അണയ്ക്കാൻ സാധിച്ചതാണു വലിയ അപകടം ഒഴിവാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!