കണ്ണൂർ : സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ. ഇന്നലെയും സംസ്ഥാനത്തു കൂടിയ ചൂട് അനുഭവപ്പെട്ടത് ജില്ലയിലെ സ്ഥലങ്ങളിൽ തന്നെ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെയും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40.8 ഡിഗ്രി സെൽഷ്യസ്. ഇരിക്കൂർ, ആറളം തുടങ്ങിയ മേഖലകളിലും ചൂട് 40 ഡിഗ്രിക്കു മുകളിലായിരുന്നു. ചൂടു കൂടിയതോടെ ജില്ലയിൽ തീപിടിത്തങ്ങളും കൂടുകയാണ്. മാർച്ച് മാസം ആരംഭിച്ച് ഇന്നലെ വരെ ജില്ലയിൽ നൂറിലേറെ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി.
തീപിടിത്തങ്ങൾ കൂടുന്നു
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ തളിപ്പറമ്പ് മേഖലയിൽ മാത്രം 18 തീപിടിത്തങ്ങളുണ്ടായി. ഇന്നലെ മാത്രം 5 ഇടത്തു തീപിടിച്ചു. പരിയാരത്ത് 3 മേഖലകളിലും കടന്നപ്പള്ളിയിൽ 4 ഇടങ്ങളിലും മാടായിപ്പാറയിൽ ആറിടങ്ങളിലും തീപിടിച്ചു. ചെറുപുഴ തിരുമേനിയിലും ഉളിക്കൽ മേഖലയിൽ 5 ഇടങ്ങളിലും ഇരിക്കൂറിൽ മൂന്നിടങ്ങളിലും ഈ ദിവസങ്ങളിൽ തീപിടിത്തമുണ്ടായി.
കൂത്തുപറമ്പിൽ 9 ഇടങ്ങളിലും ഇരിട്ടിയിൽ 20 സ്ഥലത്തും തീ പടർന്നു. കണ്ണൂർ നഗരത്തില്‍ രണ്ടിടത്തും തീപിടിത്തമുണ്ടായി. മട്ടന്നൂർ മേഖലയിൽ 5 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി. വിമാനത്താവള മതിലിനു പുറത്തു നാഗവളവിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. കാഞ്ഞിരോട് 220 കെവി സബ്സ്റ്റേഷൻ കോംപൗണ്ട്, ചക്കരക്കൽ മലയാളംകുന്ന്, അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് കശുവണ്ടിത്തോട്ടത്തിലും തീപിടിച്ചു.
ഓടിയെത്താനാകാതെ അഗ്നിരക്ഷാസേന
ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചെറുതും വലുതുമായ തീപിടിത്തങ്ങൾ ദിനംപ്രതി വർധിക്കുമ്പോഴും ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അധികൃതർ തയാറാകുന്നില്ല. ജീവനക്കാർക്ക് അത്യാവശ്യത്തിനു പോലും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പെരിങ്ങോം സ്റ്റേഷനുകളിൽ 10 വീതം ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ– 8, പാനൂർ– 8, കുത്തുപറമ്പ്– 7, പേരാവൂർ– 7, തലശ്ശേരി– 5, മട്ടന്നൂർ– 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
കണ്ണൂർ, കൂത്തുപറമ്പ് സ്റ്റേഷനിൽ 3 വീതം ഡ്രൈവർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ –1, തളിപ്പറമ്പ് –2, മട്ടന്നൂർ –1, ഇരിട്ടി –1, പെരിങ്ങോം –2, പാനൂർ– ഒന്ന് എന്നിങ്ങനെയാണു ഒഴിവുകൾ. നിയോജക മണ്ഡലത്തിൽ ഒരു അഗ്നിരക്ഷാ നിലയമെങ്കിലും ഉണ്ടാവണമെന്ന നിർദേശം മാറി വരുന്ന സർക്കാരുകൾക്കു മുന്നിൽ വർഷങ്ങളായുണ്ട്. അഗ്നിരക്ഷാനിലയങ്ങൾ തമ്മിൽ വലിയ ദൂരവ്യത്യാസം കാരണം അഗ്നിരക്ഷാസേനയുടെ സേവനം വൈകാറുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു പോലും ഇതുവരെ അഗ്നിരക്ഷാനിലയമില്ല.
ചൂട്– ആരോഗ്യം ശ്രദ്ധിക്കണം
ത്വക്കു രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. വായു സഞ്ചാരം കിട്ടുന്ന, ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. രണ്ടുനേരം കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം.
ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ സൺസ്ക്രീൻ ലോഷനുകളാണു ചൂടുകാലത്ത് ഉപയോഗിക്കേണ്ടത്. ചൂടുകുരുവോ അണുബാധയോ ഉണ്ടെങ്കിൽ സോപ്പും ലോഷനും ഡോക്ടറുടെ ഉപദേശത്തോടെ തിരഞ്ഞെടുക്കാം. എണ്ണ തേക്കുന്ന ശീലമുള്ളവർ വേനൽക്കാലത്ത് അളവു കുറയ്ക്കണം.11 മുതൽ 3 മണി വരെ വെയിൽ കൊള്ളരുത്. ഈ സമയത്തു യാത്ര ആവശ്യമെങ്കിൽ കുട നിർബന്ധമാക്കുക. കഠിന വ്യായാമവും കഠിനമായ ശാരീരിക അധ്വാനങ്ങളും കൊടുംവേനലിൽ ഒഴിവാക്കാം. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.
തളർച്ചയും രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കും. അതിനാൽ വിശപ്പു കുറയും. പക്ഷേ, വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതു സൂര്യാതപം, ചിക്കൻപോക്സ്, ശരീരക്ഷീണം, ചെങ്കണ്ണ്, ചൂടുകുരു, മഞ്ഞപ്പിത്തം, എലിപ്പനി, പേശീ സങ്കോചം, തളർച്ച, മൂത്രസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുണ്ടാകാനുള്ള സാധ്യത കൂട്ടും.