നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്. അരുണിന്റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.
ആക്രമണത്തില്‍ നന്ദനയുടെ തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്റെ ഭാര്യ പ്രിന്‍സിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്.
തൊഴിലുടമ ജീവനക്കാരികളെ മര്‍ദ്ദിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തക മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പോലീസ് പരിശോധിച്ച് തെളിവായി സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.1 2,000 രൂപ മാസ ശമ്പളത്തില്‍ പലജില്ലകളിലുള്ള ഇരുപതോളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും 80,000 രൂപയോളം അരുണ്‍ നല്‍കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകളില്‍ വാഷിംഗ് സോപ്പ്, ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് തുടങ്ങിയവ വില്‍ക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. വ്യാഴാഴ്ച ജീവനക്കാരിയുടെ പെഴ്‌സില്‍ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്.
തുടര്‍ന്ന് യുവതികളെ അസഭ്യം പറഞ്ഞ അരുണ്‍ മര്‍ദ്ദിക്കുകയായിരുന്നു, യുവതികള്‍ സിനിമയ്ക്ക് പോയതിനെയും അരുണ്‍ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.