ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ സ്വർണ മാല കവർന്ന കേസിൽ മൂന്ന് സ്ത്രീകൾ പിടിയിൽ

മട്ടന്നൂർ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ സ്വർണ മാല കവർന്ന സംഭവത്തിൽ മൂന്ന് സ്ത്രീകളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പഴശ്ശിയിലെ ശൈലജ (60)യുടെ 3 പവന്റെ സ്വർണ മാലയാണ് കവർന്നത്. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ നിഷ (28), പാർവതി (25), കല്യാണി (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തലശ്ശേരിയിൽ മറ്റൊരു കേസിൽ പിടിയിലായ ഇവർ റിമാൻഡിൽ കഴിയുന്നതിനിടെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 3 പേരെയും മോഷണം നടത്തിയ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 9 ന് ഉരുവച്ചാൽ പഴശ്ശിയിലായിരുന്നു സംഭവം. ശൈലജ ബന്ധുവീട്ടിലേക്ക് പോകുന്നതിന് പഴശ്ശിയിൽ നിന്ന് ഉരുവച്ചാലിലേക്ക് ഓട്ടോറിക്ഷയിൽ കയറിയിരുന്നു.
ഇവർ ഓട്ടോയിൽ കയറുമ്പോൾ മറ്റു 3 പേർ കൂടി ഓട്ടോയിൽ കയറി. വയോധിക ഉരുവച്ചാലിൽ ഇറങ്ങി. പിന്നീട് ബസിൽ കയറി ബന്ധുവീട്ടിലെത്തിയപ്പോഴാണ് സ്വർണ മാല കാണാനില്ലെന്ന് മനസിലാകുന്നത്.
തുടർന്നു മട്ടന്നൂർ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബസിലും ഓട്ടോ റിക്ഷയിലും സഞ്ചരിച്ച് യാത്രക്കാരികളുടെ സ്വർണ മാല കവരുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് 2 പേരെ ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു പിടികൂടിയിരുന്നു.
മട്ടന്നൂർ എസ്ഐ ടി.സി.രാജീവൻ, എഎസ്ഐ ഷമീർ, വനിത സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ, ബവിജ, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പഴശ്ശിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.