മട്ടന്നൂർ നഗരസഭ പുരസ്കാരം ഏറ്റുവാങ്ങി

മട്ടന്നൂര്‍: സംസ്ഥാനത്തെ മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരം മട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി. 2021-–-22 വര്‍ഷത്തെ ഭരണസമിതി സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
സംസ്ഥാന വനിതാ കമീഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോര്‍ജ് എന്നിവരിൽനിന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്തും ഭരണസമിതി അംഗങ്ങളും പുരസ്കാരം ഏറ്റുവാങ്ങി.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ അന്തസും പദവിയും ഉയർത്തുന്നതിനും സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും അവകാശ ലംഘനങ്ങളും തടയുന്നതിനും നഗരസഭയിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ മികച്ച രീതിയിൽ ജാഗ്രതാസമിതി പ്രവർത്തിച്ചതിനാലാണ് പുരസ്കാരം ലഭിച്ചത്.
ഇതുവരെ 62 പരാതികൾ പരിഗണിച്ചതിൽ 35ഓളം പരാതികൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. 2021-–-22 വർഷം 12 പരാതികളാണ് ലഭിച്ചത്. കോവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിച്ച് മികച്ച പ്രവർത്തനം നടത്തി.