അരങ്ങുണർത്തി ഗോത്രതാളം

മയ്യിൽ: മയ്യിലിന്റെ ഹൃദയഭൂമി ഗോത്രതാളത്തിന്റെ തുടിപ്പറിഞ്ഞു. മൺമറഞ്ഞ നാടൻ പാട്ടുകൾക്കും ഗോത്രകലാരൂപങ്ങൾക്കും ജീവനേകിയ അവതരണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അരങ്ങുത്സവവേദിയിലേക്ക് ഒഴുകിയെത്തിയ വൻജനാവലിക്ക് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനിച്ചത് വനവാസി സമാജത്തിന്റെ ഹൃദ്യമായ സംഗീതവിരുന്നായിരുന്നു.
സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കെ .സി ഹരികൃഷ്ണൻ അധ്യക്ഷനായി. കെ കെ ശൈലജ എംഎൽഎ, നടൻ സന്തോഷ് കീഴാറ്റൂർ, പിന്നണി ഗായിക നഞ്ചിയമ്മ, ഭാരത് ഭവൻ സമിതി അംഗം ശങ്കർ റായ് എന്നിവർ മുഖ്യാതിഥികളായി. എ വി അജയകുമാർ, ടി കെ ഗോവിന്ദൻ, ബിജു കണ്ടക്കൈ, കെ ചന്ദ്രൻ, എൻ അനിൽകുമാർ, വി വി മോഹനൻ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും എ പി മിഥുൻ നന്ദിയും പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന്റെ സ്ത്രീ സമത്വത്തിനായുള്ള സമം പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി മെഡൽ നേടിയ പി കെ പ്രിയ, എഴുത്തുകാരി നിഷ, കഥാകാരി ദേവിക എസ് ദേവ്, ബേബി ബാലകൃഷ്ണൻ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
അരങ്ങുത്സവത്തിൽ ഇന്ന്
കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന അരങ്ങുത്സവത്തിന്റെ അഞ്ചാം ദിനമായ ശനിയാഴ്ച ‘പാലാപ്പള്ളി’ ഫെയിം അതുൽ നറുകര നയിക്കുന്ന ‘സോൾ ഓഫ് ഫോക്ക്’ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എംഎൽഎ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ അതിഥികളായെത്തും.