ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് പിഴ 23 ലക്ഷം

ഇരിട്ടി: ആർ.ടി.ഒ നടത്തിയ വാഹനപരിശോധനയിൽ ഒരു മാസത്തിനിടെ സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 23 ലക്ഷം രൂപ. ഫെബ്രുവരിയിലെ പരിശോധനയിലാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ ഓടിച്ച ബൈക്ക് യാത്രക്കാരിൽനിന്ന് 313 കേസുകളിലായി 26500 രൂപയാണ് പിഴയീടാക്കിയത്.
നികുതി ഒടുക്കാതേയും പെർമിറ്റ് പുതുക്കാതെയും സമാന്തര സർവിസ്, പാർക്കിങ് നിയമലംഘനം തുടങ്ങി 1151 കേസുകളിലായാണ് 23,12,250 രൂപ പിഴ ചുമത്തിയത്.
സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായതും ഇരിട്ടി മേഖലയിലാണ്. പരിശോധനക്ക് ജോയന്റ് ആർ.ടി.ഒ പി. സാജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. വൈകുണ്ഠൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷിജി, കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.