പൊന്ന്യത്തെ അങ്കത്തട്ട് ഇന്നുണരും

Share our post

തലശ്ശേരി: തച്ചോളി ഒതേനന്റേയും കതിരൂർ ഗുരിക്കളുടേയും പോരാട്ട ഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്തങ്കത്തട്ടിൽ ഇന്നു 21 മുതൽ 27 വരെ സംസ്ഥാന ടീമുകളെ അണിനിരത്തി പൊന്ന്യത്തങ്കം അരങ്ങേറും. കതിരൂർ ഗ്രാമപഞ്ചായത്തും പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയും സംയുക്തമായാണ് അങ്കക്കളരിക്ക് വേദിയൊരുക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ദിവസവും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നു വൈകുന്നേരം 7ന് ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ കളരിവിളക്ക് തെളിയിക്കും. കെ. മുരളിധരൻ എം.പി, വി. ശിവദാസൻ എം.പി, കെ.വി. സുമേഷ് എം. എൽ.എ എന്നിവർ മുഖ്യാതിഥികളാകും. പദ്മശ്രീ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കളെ ആദരിക്കും.

തുടർന്ന് കൊല്ലം മാരുതി കളരിയും, കണ്ണൂർ ദുൽ ഷുക്കർ കളരിയും കളരിപ്പയറ്റ് അവതരിപ്പിക്കും. തച്ചോളിക്കളി, രാജസൂയം കോൽക്കളി, വയലിബാംബു മ്യൂസിക്കൽ ബാന്റ് എന്നിവയുണ്ടാകും. നാളെ വൈകുന്നേരം 7ന് തച്ചോളി ഒതേനൻ,​ കതിരൂർ ഗുരിക്കൾ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.24ന് എരഞ്ഞോളി മൂസ്സ അനുസ്മരണം. 25ന് വൈകുന്നേരം 7ന് സ്പീക്കർ എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

സമാപന ദിവസമായ 27ന് സ്റ്റീഫൻ ദേവസ്യ നയിക്കുന്ന ഏഴരക്കണ്ടം നൈറ്റ് അരങ്ങേറും. 25ന് ഫോക്‌ലോർ അക്കാഡമിയുടെ അവാർഡ് ദാന ചടങ്ങ് നടക്കുമെന്ന് സെക്രട്ടറി എ.വി. അജയകുമാർ അറിയിച്ചു. ജനറൽ കൺവീനർ എൻ.പി. വിനോദ് കുമാർ, പി.പി. സനിൽ, ഫോക്‌ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ്‌ലിൻ, പി. ചന്ദ്രൻ എന്നിവരും സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!