മാല മോഷണം: യുവതികൾ റിമാൻഡിൽ
തലശ്ശേരി: മാല മോഷണക്കേസില്‍ പിടിയിലായ നാടോടി യുവതികൾ റിമാൻഡിൽ. തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ (28), കാര്‍ത്ത്യായനി (38), പാര്‍വതി (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ജനുവരി മൂന്നിന് തലശ്ശേരി സംഗമം കവലയിൽനിന്ന് ഓട്ടോ യാത്രക്കിടെ പെരുന്താറ്റിൽ സ്വദേശിനി കമലയുടെ (70) എട്ട് പവൻ തൂക്കമുള്ള താലിമാല കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്.
അന്വേഷണച്ചുമതലയുള്ള തലശ്ശേരി പൊലീസിലെ അഡീഷനൽ എസ്.ഐ രൂപേഷാണ് നാട്ടുകാരുടെ സഹായത്തോടെ പയ്യന്നൂർ പെരളത്ത്നിന്ന് തിങ്കളാഴ്ച മൂവരെയും പിടികൂടിയത്.
പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലശ്ശേരിയിലെത്തിച്ചാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാല മോഷണക്കേസില്‍ യുവതികള്‍ പിടിയിലായെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും പ്രതികൾ സമാന രീതിയിൽ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.