ലോക് അദാലത്തിൽ തീർപ്പാക്കിയത് 886 കേസുകൾ

തലശേരി: ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ വിവിധ കോടതികളിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ 886 കേസുകൾ തീർപ്പാക്കി. കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ 1374 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, ഇലക്ട്രിസിറ്റി,
ബി.എസ്എൻഎൽ, റവന്യു, ആർടിഒ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബകോടതി, സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണനക്ക് എത്തിയത്. 10,54,00170 രൂപ നഷ്ടപരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് നൽകാൻ ധാരണയായി.
സ്പെഷ്യൽ സിറ്റിങ്ങിലൂടെ മജിസ്ട്രേട്ട് കോടതികളിൽ നിലവിലുള്ള 4455 പെറ്റി കേസുകളിൽ 2449 തീർപ്പാക്കി. ഇതിൽ 45,76,950 രൂപ ഈടാക്കി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ജി ഗിരീഷ്, ജില്ലാ ജഡ്ജിമാരായ ആർ. എൽ ബൈജു, എ. വി മൃദുല , മുജീബ് റഹ്മാൻ , സി. ജി ഘോഷ, റൂബി കെ. ജോസ് , സബ് ജഡ്ജിമാരായ എം .കെ രഞ്ജിനി, ജെ വിമൽ , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് എന്നിവർ വിവിധ കോടതികളിൽ നേതൃത്വം നൽകി.