ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജം

Share our post

തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക്‌ ലഭിക്കും. 65 കോടി രൂപ ചെലവിലാണ്‌ സബ്‌സ്‌റ്റേഷൻ നിർമാണം പൂർത്തിയാക്കിയത്‌. കാഞ്ഞിരോടുനിന്ന്‌ തലശേരിയിലേക്ക്‌ 60 കോടി രൂപ ചെലവിൽ പുതിയ ലൈനും വലിച്ചു.

പറാങ്കുന്നിലെ 110 കെവി സബ്‌സ്‌റ്റേഷൻ സ്ഥലത്താണ്‌ ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷനും. ട്രാൻസ്‌ഗ്രിഡ്‌ 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ജി.ഐ സബ്‌സ്‌റ്റേഷൻ നിർമിച്ചത്‌. 100 എം.വി.എ, 20 എം.വിഎശേഷിയുള്ള രണ്ട്‌ വീതം ട്രാൻസ്‌ഫോമറാണ്‌ സബ്സ്‌റ്റേഷനിലുള്ളത്‌. പിണറായി, പാനൂർ, കൂത്തുപറമ്പ്‌, ചൊവ്വ 110 കെവി ഫീഡറുകളിൽ തുടക്കത്തിലേ സബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കും.

കെട്ടിടത്തിനുള്ളിൽ എല്ലാം
ചുരുങ്ങിയ സ്ഥലത്ത്‌ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ്‌ ഇതിന്റെ പ്രത്യേകത. സാധാരണ 220 കെവി സബ്‌സ്‌റ്റേഷന്‌ അഞ്ച്‌ ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്‌. ജിഐ സബ്‌സ്‌റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചായിരുന്നു നിർമാണം.

-വ്യവസായ മേഖലക്കും 
ഉണർവേകും
ജില്ലയിലെ വ്യവസായമേഖലക്കും ജി.ഐ സബ്‌സ്‌റ്റേഷൻ ഉണർവ്‌ പകരും. പ്രസരണ–-വിതരണ സംവിധാനം കാര്യക്ഷമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്താം.അരീക്കോടുനിന്നാണ്‌ വടക്കൻ കേരളത്തിലേക്ക്‌ വൈദ്യുതി എത്തുന്നത്‌.

ലൈനിൽ തകരാറ്‌ സംഭവിച്ചാൽ വൈദ്യുതിവിതരണം തടസ്സപ്പെടുമായിരുന്നു. ഇതിന്‌ പരിഹാരമായി ഉഡുപ്പിയിൽനിന്ന്‌ കാസർകോട്‌ കരിന്തളത്തേക്ക്‌ ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്‌.

നെടുംപൊയിൽ–-മാനന്തവാടി ലൈൻ വലിക്കുന്നതോടെ വയനാടിനും തലശേരി സബ്‌സ്‌റ്റേഷന്റെ ഗുണം ലഭിക്കും. കക്കയത്തുനിന്നുള്ള ലൈൻകൂടി വരുന്നതോടെ ഉഡുപ്പിവരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗംകൂടിയായി തലശേരി മാറും.

കാസർകോട്‌ കരിന്തളത്ത്‌ 440 കെവി സബ്‌സ്‌റ്റേഷൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം തലശേരി–-കരിന്തളം ലൈൻ വലിക്കാനും പദ്ധതിയുണ്ട്‌. ഇതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ–- വിതരണ ശൃംഖല ഉറപ്പുവരുത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!