കൊട്ടിയൂരിൽ വന്യജീവി കിടാവിനെ കടിച്ചു കൊന്നു

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വന്യജീവി കിടാവിനെ കടിച്ചു കൊന്നു ഭക്ഷിച്ചു. പാലുകാച്ചി സ്വദേശി നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ്സ് പ്രായമുള്ള മൂരി കിടാവിനെയാണ് വന്യജീവി കൊന്ന് ഭക്ഷിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കൃഷിയിടത്തിൽ കെട്ടിയിരുന്ന മൂന്ന് കിടാക്കളിൽ ഒന്നിനെയാണ് ആക്രമിച്ചു കൊന്നത്. രാത്രിയിൽ വന്യജീവിയുടെ മുരൾച്ചയും കിടാവിൻ്റെ അലർച്ചയും കേട്ടതായി അയൽവാസികൾ പറഞ്ഞു.
രാത്രി തന്നെ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. രാവിലെ കൃഷിയിടത്തിലെത്തിയ കുഞ്ഞുമോനാണ് കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ടു വയസ്സുള്ള മൂരികിടവാണ് കൊല്ലപ്പെട്ടത്.
കൊട്ടിയൂർ റെയിഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ബി.മഹേഷിന്റെ നേതൃത്വത്തിലുള്ള വനപാലസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തിലെ മുറിവിന്റ ആഴത്തിന്റെ അടിസ്ഥാനത്തിൽ ആക്രമിച്ചത് പുലി ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ചുങ്കക്കുന്ന് വെറ്റിനറി ആശുപത്രിയിലെ ഡോ. വർഗീസ് പോസ്റ്റ് മാർട്ടം നടത്തി.
കിടാവിനെ ആക്രമിച്ച സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും മൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഓഫീസർ കെ.പി. മഹേഷ് പറഞ്ഞു. പ്രദേശത്ത് ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിൽ ശക്തമായ നടപടി വേണം. ഇല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു.