ഇരിട്ടി: നവീകരണ ശേഷം കൂട്ടുപുഴ -ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചുരുങ്ങിയ കാലയളവിൽ ഈ റോഡിൽ പൊലിഞ്ഞത് കുടുംബത്തിന് താങ്ങും തണലുമാകേണ്ട പത്ത് ജീവനുകളാണ്.
റോഡ് വീതിക്കൂട്ടി മെക്കാഡം ടാറിങ് നടത്തിയ ശേഷം ചീറിപ്പായുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്ക് തടയിടാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. അമിത വേഗവും അശ്രദ്ധയും കാരണം നിമിഷ നേരംകൊണ്ട് പൊലിഞ്ഞു പോകുന്നത് കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
വാഹനഅപകടങ്ങൾ പതിവായ റോഡിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമായി തുടരുമ്പോഴും തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡിൽ അപകട മരണങ്ങൾ കുറയുന്നില്ല. നിയമം ലംഘിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന സ്ഥിതിയാണ്.
ഒരു മാസത്തിനിടെ രണ്ട് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറിയുമായി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ 18കാരൻ മരിച്ചത്. ക്രിസ്മസ് തലേന്ന് ഇതേ റൂട്ടിൽ കുന്നോത്ത് ഉണ്ടായ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചിരുന്നു.
അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.പഴയ റോഡിന്റെ വളവും തിരിവും കുറച്ചാണ് റോഡ് വീതി കൂട്ടി നവീകരിച്ചത്.
ആവശ്യമായ സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗത പലപ്പോഴും വില്ലനാവുന്നുണ്ട്. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഉച്ചസമയങ്ങളിലാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഇൌ സമയത്ത് ഇവിടെ കാര്യമായി വാഹന പരിശോധനയും ഉണ്ടാകാറില്ല.
ഇരിട്ടി എം.ജി കോളജ് സ്റ്റോപ് മുതൽ വളോര വരെയുള്ള ഭാഗങ്ങളിലും മാടത്തിൽ മുതൽ കിളിയന്തറ വരെയുള്ള ഭാഗങ്ങളിലും അമിത വേഗം ഭീതിജനിപ്പിക്കുന്നുണ്ട്.
ഇവിടങ്ങളിൽ ഇടവിട്ട സ്ഥലങ്ങളിൽ വേഗ നിയന്ത്രണ സംവിധാനമോ കാമറയോ സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ ആവശ്യം ഉയർന്നിരുന്നു.
അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച അജയ് ജയനും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ഒരു വർഷം മുമ്പ് അജയുടെ പിതാവും മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും കുടുംബ കരകയറുന്നതിനിടെയാണ് വീണ്ടും കുടുംബത്തെയും നാടിനെയും നടുക്കി അപകടം ഉണ്ടായത്. നിരവധി പേരാണ് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നതും.
ശക്തമായ പരിശോധനയും സുരക്ഷ സംവിധാനങ്ങളും സജീവമാക്കി നാടിനെ നടുക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.