ആർ .കെ കൃഷ്‌ണകുമാർ: നാടുമായി ഹൃദയബന്ധം സൂക്ഷിച്ച തലശേരിക്കാരൻ

തലശേരി: ടാറ്റഗ്രൂപ്പിന്റെ തലപ്പത്ത് നിലയുറപ്പിച്ചപ്പോഴും നാടുമായി ഹൃദയബന്ധം പുലർത്തിയ മറ്റൊരു തലശേരിക്കാരൻകൂടി ചരിത്രത്തിലേക്ക് മറയുന്നു. ഹോസ്‌പിറ്റാലിറ്റി മേഖലയിൽ ടാറ്റയെ ആഗോള ബ്രാൻഡാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച തലശേരി വടക്കുമ്പാട് സ്വദേശി ടി .ദാമുവിന് പിന്നാലെ ടാറ്റാ സൺസ് മുൻ ഡയരക്ടർ ആർ .കെ കൃഷ്‌ണകുമാറും ഇനി ഓർമയിലേക്ക്.
അരനൂറ്റാണ്ടോളം ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച കൃഷ്‌ണകുമാർ തലശേരിയിലെ മൂർക്കോത്ത് കുടുംബാംഗമാണ്.അച്ഛൻ ആർ കെ സുകുമാരന്റെ നാടായ മയ്യഴിയുമായും അമ്മ സരോജിനിയുടെ നാടായ തലശേരിയുമായും എന്നും ഹൃദയബന്ധം പുലർത്തി. മൂർക്കോത്ത് രാമുണ്ണിയുടെകൂടി അഭ്യർഥന പ്രകാരം തലശേരി ഗുണ്ടർട്ട് സ്‌കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന സംഭാവന നൽകിയത് ആർ. കെ കൃഷ്‌ണകുമാറായിരുന്നു.
ഏതാനും വർഷം മുമ്പ് മാഹിയിലെ പഴയ വീടും നാടും കാണാൻ എത്തിയിരുന്നു. അന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജ നടത്തിയാണ് മടങ്ങിയത്.തലശേരി ജ്ഞാനോദയ യോഗം മുൻ പ്രസിഡന്റ് മാഹിയിലെ കരിയാണ്ടിയിൽ ചാത്തുവിന്റെ പിൻതലമുറക്കാരനായ കൃഷ്‌ണകുമാർ ജഗന്നാഥ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി 2013ൽ ചാന്താട്ടം നടന്ന സമയത്ത് അഞ്ച് ലക്ഷം രൂപയാണ് സംഭാവന നൽകിയത്.
ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിൽ അന്ന് ആദരിച്ചതും നാട്ടുകാരുടെ ഓർമയിലുണ്ട്. ടാറ്റയുടെ അധീനതയിലുണ്ടായിരുന്ന തലശേരി മോറക്കുന്നിലെ കൺസോളിഡേറ്റഡ് കോഫിയും ജനറൽ ആശുപത്രിക്കടുത്തെ യാഡും വിൽപ്പനയ്ക്കായി ടാറ്റ നിയോഗിച്ചത് ആർ .കെ കൃഷ്ണകുമാറിനെ ആയിരുന്നുവെന്ന് തലശേരി മെഡിക്കൽ ഫൗണ്ടേഷൻ മുൻ എം.ഡി.ടി. ഹരിദാസൻ പറഞ്ഞു. തലശേരിയുമായി ഹൃദയബന്ധം പുലർത്തിയ മാനേജ്‌മെന്റ് വിദഗ്‌ധനെയാണ് കൃഷ്‌ണകുമാറിന്റെ വിയോഗത്തിലൂടെ നഷ്‌ടമാവുന്നത്.