പത്ത് വർഷം, 85 പേർക്ക് തൊഴിൽ; തലശ്ശേരി പൊലീസ് സൂപ്പറാ…

Share our post

തലശ്ശേരി: വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പുറത്ത് തൊഴിൽതേടുന്ന യുവാക്കളെ സഹായിക്കാനായി എ.എസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളിൽ ആരംഭിച്ച സൗജന്യ പി.എസ്‍.സി പരിശീലന ക്ലാസിലൂടെ 10 വർഷം കൊണ്ട് 85 പേർക്ക് സർക്കാർ ജോലി ലഭ്യമാക്കി.

2013 ജനുവരി 1ന് ആരംഭിച്ച ക്ലാസിലൂടെ ആദ്യം ജോലി നേടിയ യുവതി എത്തിപ്പെട്ടതും പൊലീസിൽ എന്നത് യാദൃച്ഛികത. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു ജോണും വ്രജനാഥും മുൻകൈ എടുത്താണ് പി.എസ്‍.സി പരിശീലന ക്ലാസ് ആരംഭിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ആദ്യ ഘട്ടത്തിൽ ക്ലാസ് എടുത്തതെങ്കിലും പിന്നീട് പുറത്ത് നിന്നുള്ള അധ്യാപകരെ എത്തിച്ച് പരിശീലനം നൽകി. മലയാള മനോരമ തൊഴിൽ വീഥി ഉൾപ്പെടെയുള്ള പഠന സഹായികളും സൗജന്യമായി ലഭ്യമാക്കി.

അതിനിടയിൽ തലശ്ശേരിയിൽ എഎസ്പിയായി എത്തിയ പ്രതീഷ്കുമാർ പുതിയ ഒരാശയം മുന്നോട്ടു വച്ചു. കണ്ണവം കോളനിയിലെ ആദിവാസി സമൂഹത്തിലെ യുവാക്കളെ തലശ്ശേരിയിൽ എത്തിച്ച് പിഎസ്‍സി പരിശീലനം നൽകണമെന്ന്.

എല്ലാ ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും കണ്ണൂർ എആർ ക്യാംപിലെ വാഹനം കണ്ണവം കോളനിയിൽ ചെന്ന് ഉദ്യോഗാർഥികളെ എടുത്ത് തലശ്ശേരിയിൽ എത്തിച്ച് ക്ലാസ് കഴിഞ്ഞു തിരിച്ചെത്തിക്കുന്ന സംവിധാനം ഒരുക്കി. പരീക്ഷ എഴുതിയ ഒട്ടേറെ ആദിവാസി യുവാക്കളും സ്വപ്നം കണ്ടിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചു.

സിറ്റി പൊലീസ് കമ്മിഷനർ അജിത്ത് കുമാറിന്റെയും എഎസ്പി: നിധിൻരാജിന്റെയും മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എം. അനിലും ജനമൈത്രി സിആർഒ: സി. നജീബുമാണ് പിഎസ്‍സി പരിശീലന കേന്ദ്രത്തിന് നിലവിൽ നേതൃത്വം നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!