പുതുവത്സര പിറവിയോടെ സമാപനം

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച് മലബാറിന്റെ മഹോത്സവമാകാൻ മേളയ്‌ക്ക് കഴിഞ്ഞു.
10 ദിവസമായി നടക്കുന്ന മഹോത്സവം പുതുവത്സരാഘോഷത്തോടെ സമാപിക്കും. സമാപനവും പുതുവത്സരാഘോഷവും വൈകിട്ട് ആറിന് എം. വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് പിന്നണി ഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോ നടക്കും.
വെള്ളിയാഴ്‌ച നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരന്മാരുടെ കേരളനടനം അരങ്ങേറി.
തളിപ്പറമ്പ് മണ്ഡലം വെബ്സൈറ്റ് ലോഞ്ചിങ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഡോ. വി .പി .പി മുസ്‌തഫ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർ സന്തോഷ് ബാബു എന്നിവർ പങ്കെടുത്തു. തുടർന്ന് നടി നവ്യ നായരും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.