കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ് സർക്കാരോ ബഫർ സോണിന് അനുകൂലമായ നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല എന്നും ഈ വിഷയത്തിൽ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കാൻ പോലും സിപിഎമ്മിന് അർഹത ഇല്ലെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ജനുവരി രണ്ടിന് കേളകത്ത് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് നടത്തിയ ആലോചനാ യോഗത്തിൽ സുപ്രീം കോടതി വിധി ഉദ്ധരിച്ച് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
ബഫർ സോൺ സംബന്ധിച്ച കർഷകർ വൻ പ്രതിസന്ധി നേരിടേണ്ടി വരും. വിധിയുടെ 44 സി ഖണ്ഡികയിൽ പറയുന്ന പ്രകാരം ആണെങ്കിൽ ബഫർ സോൺ മേഖലയിൽ യാതൊരു വിധ സ്ഥിര നിർമാണവും അനുവദിക്കില്ല. ശുചിമുറി നിർമാണം പോലും തടസ്സപ്പെടും. മാത്രമല്ല നിലവിൽ ഉള്ള നിർമിതികൾ അനുവദനീയം ആണെങ്കിൽ പോലും വന്യജീവി സങ്കേതത്തിന്റെ വാർഡൻ അവ സംബന്ധിച്ച് പരിശോധന നടത്തി പ്രത്യേക അനുമതി നൽകണം എന്നൊരു നിർദേശവും ഉത്തരവിൽ ഉണ്ട്.
ഇത്രയും ഗുരുതരമായ വിഷയം ആയിരുന്നിട്ടു കൂടി നിയമസഭയിൽ പ്രമേയം അവതിരിപ്പിക്കാനോ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനോ പോലും തയാറായില്ല.2002 ൽ വാജ്പേയ് സർക്കാരാണ് വന്യജീവി സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. 1995 മുതൽ നിലനിന്നിരുന്ന കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പുതിയ പദ്ധതി വന്നത്.
യുഡിഎഫ് സർക്കാരുകളുടെ കാലത്ത് വന്യജീവി വിഭാഗം ഡിഎഫ്ഒ, തഹസിൽദാർ, ബിഡിഒ, ജിയോളജിസ്റ്റ് എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശികമായി പഠനം നടത്തി റിപ്പോർട്ട് തയാറാക്കുകയും അത് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.
2015ൽ നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കിയിരുന്നു. അത് അംഗീകരിച്ച് കരട് വിജ്ഞാപനം ഇറങ്ങി. വിശദീകരണം ചോദിച്ച് മൂന്ന് വർഷം കേന്ദ്ര വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് കത്തുകൾ അയച്ചിട്ടും മറുപടി നൽകാതെ വന്നതിനെ തുടർന്ന് 2018ൽ കരട് വിജ്ഞാപനം റദ്ദായി.
തുടർന്നാണ് 1 കിലോമീറ്റർ ബഫർ സോണും ശുപാർശ ചെയ്ത് സുപ്രീം കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു കിലോമീറ്റർ ബഫർ സോൺ ശുപാർശ െചയ്ത തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് 2019 ൽ സംസ്ഥാനത്തിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കും മുൻപ് അഡീഷനൽ ചീഫ് സെക്രട്ടറി എഴുതിയ റിപ്പോർട്ട് എങ്കിലും വായിച്ചു നോക്കുന്നത് നല്ലതാണ് എന്നും സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ പറഞ്ഞു.
വാർഡനുമായി തർക്കം
ഭൂപടം സംബന്ധിച്ച് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും വന്യജീവി സങ്കേതം വാർഡനുമായി തർക്കം. അതിർത്തി അടയാളപ്പെടുത്തി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വന്യജീവി സങ്കേതം വാർഡന് കത്ത് നൽകിയിരുന്നു. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. ബഫർ സോൺ പരിധി അവസാനിക്കുന്ന ഭാഗം ഭൂപടത്തിൽ അടയാളപ്പെടുത്തി നൽകണം എന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. കൃത്യമായ മാപ് വനം വകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും അത് പഞ്ചായത്തിന് കൈമാറാനോ പുറത്തു വിടാനോ വനം വകുപ്പ് തയാറാകാത്തതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.