ആഘോഷം ഇനി ആകാശത്തോളം

Share our post

ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. 31 വരെയാണ്‌ ഫെസ്‌റ്റ്‌. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌ ഗ്രൗണ്ടിൽ ഒരുക്കിയ പുസ്‌തകോത്സവം, പ്രദർശനം, ചിൽഡ്രൻസ്‌ അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്‌, കൈത്തറിമേള തുടങ്ങിയവയാണ്‌ ഫെസ്‌റ്റിന്റെ മുഖ്യആകർഷണം. എല്ലാ ദിവസങ്ങളിലും നടക്കുന്ന കലാവിരുന്നിൽ കേരളത്തിനകത്തും പുറത്തുംനിന്നുള്ള കലാകാരന്മാർ അണിനിരക്കും. ശരീരസൗന്ദര്യ മത്സരം, നാടൻപാട്ട്‌, അറിവുത്സവം, ശാസ്‌ത്രീയ നൃത്തം, നാടോടിനൃത്തം, ഗസൽ, നാടകം, മെഗാ മ്യൂസിഷ്‌ ഷോ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ്‌ ദിവസവും വൈകിട്ട്‌ അരങ്ങേറുന്നത്‌. മന്ത്രിമാർ, സാംസ്‌കാരിക നായകർ, സിനിമാ നടീ നടന്മാർ തുടങ്ങി വിവിധമേഖലകളിൽനിന്നുള്ളവർ പരിപാടിയുടെ ഭാഗമാവും.

ഉദ്ഘാടനച്ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. കഥാകൃത്ത്‌ ടി. പത്മനാഭൻ, സർക്കസ്‌ കുലപതി ജെമിനി ഗണേശൻ, ഗോകുലം ഗോപാലൻ, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ് എന്നിവർ മുഖ്യാതിഥികളായി. ഡോ. വി .ശിവദാസൻ എം.പി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ .വി സുമേഷ്, എം .വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ, ഹാൻഡ് ലും ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ, മലബാർ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി .വി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ രചിച്ച കവിതാ സമാഹാരം ദുഖസ്‌മരണകൾ ചടങ്ങിൽ മുഖ്യമന്ത്രിക്ക്‌ കൈമാറി. അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നുമുണ്ടായി.

സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ സ്വാഗതവും വൈസ് ചെയർമാൻ പി സന്തോഷ് നന്ദിയും പറഞ്ഞു. ഔദ്യോഗിക ഉദ്‌ഘാടനം ശനിയാഴ്‌ചയാണ്‌ നടന്നതെങ്കിലും ഒരു മാസത്തിലേറെയായി ഉത്സവലഹരിയിലാണ്‌ നാട്‌. അന്താരാഷ്‌ട്ര ചലച്ചിത്രമേള, മെഡിക്കൽ ക്യാമ്പ് , സ്‌ത്രീകളുടെ രാത്രിനടത്തം, ഹെലികോപ്‌റ്റർ റൈഡ്‌, പ്രദേശവാസികളുടെ കലാപരിപാടികൾ, റോഡ്‌ ഷോ, കുട്ടികളുടെ ഫ്ലാഷ്‌ മോബ്‌ തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമാണുണ്ടായത്‌. പുതുവത്സരാഘോഷത്തോടെ ഫെസ്‌റ്റിന്‌ തിരശ്ശീല വീഴും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!