നാടിന്റെ അഭിമാന സമുച്ചയം

Share our post

പിണറായി: ഉന്നത വിദ്യാഭ്യാസമേഖലയിൽ വൻകുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്‌ . 245 കോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന വിദ്യാഭ്യാസസമുച്ചയപദ്ധതി രൂപരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയ പദ്ധതിക്ക്‌ കഴിഞ്ഞ ജൂലൈയിൽ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. ഉടൻ പദ്ധതി രൂപരേഖ സമർപ്പിക്കണമെന്ന് നിർദേശവും നൽകി. സാങ്കേതിക അനുമതി ലഭിച്ചാലുടൻ 2023 ഫെബ്രുവരിയിൽ പ്രവൃത്തി ആരംഭിക്കും.

ഇതിനായി 12.93 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലാണ് പിണറായിയിൽ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുക. നാലേക്കറിൽ പോളിടെക്നിക്‌ കോളേജ്, രണ്ടേക്കറിൽ ഹോസ്റ്റൽ സൗകര്യത്തോടെ ടൂറിസം ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാലരയേക്കറിൽ തൊഴിൽ വകുപ്പിന്റെ ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്, ഒരേക്കറിൽ ഐഎച്ച്ആർഡിയുടെ കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, ഒരേക്കറിൽ ഹോസ്റ്റൽ സൗകര്യത്തോടെ ഉള്ള സിവിൽ സർവീസ് അക്കാദമി, ജൈവ വൈവിധ്യ പാർക്ക് എന്നിവയാണ് നിർമിക്കുക.

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ പദ്ധതി നിർമാണ പ്രവൃത്തികൾക്കായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തി.എഡ്യുക്കേഷൻ ഹബ്ബിന്റെ ഭാഗമായ ഹോട്ടൽ മാനേജ്‌മെന്റ്‌ കോളേജ്‌ കഴിഞ്ഞ അധ്യയനവർഷം പ്രവർത്തനമാരംഭിച്ചു. തലശേരി – കൂത്തുപറമ്പ് റോഡിൽ മൂന്നാംമൈലിലെ കിൻഫ്ര ബിൽഡിങ്ങിലാണ്‌ കോളേജ്‌ താൽക്കാലികമായി പ്രവർത്തിക്കുന്നത്.

കണ്ണൂർ സർവകലാശാലയ്‌ക്കു കീഴിലുള്ള കോളേജിൽ മൂന്നുവർഷത്തെ ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ്‌ കാറ്ററിങ് സയൻസാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ആദ്യമായാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ബിരുദകോഴ്സ് ആരംഭിക്കുന്നത്.

നിലവിൽ പിണറായിൽ ഐടിഐയും ഐഎച്ച്ആർഡി കോളേജും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിർമാണം പൂർത്തിയായാൽ ഇവയും എഡ്യുക്കേഷൻ ഹബ്ബിലേക്ക് മാറും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കണ്ണൂരിന്റെ അഭിമാനപദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന് കവിതപ്പറമ്പിലാണ് സ്ഥലം കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!