പ്രതാപം വീണ്ടെടുക്കാൻ ഓണിയൻ ഹൈസ്കൂൾ

പാനൂർ : ആറു പതിറ്റാണ്ട് പഴക്കമുള്ള കോടിയേരി ഓണിയൻ ഹൈസ്കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന ആവശ്യവുമായി സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും രംഗത്ത്. ഓണിയൻ എയ്ഡഡ് യുപി സ്കൂൾ 1965ലാണ് ഹൈസ്കൂളായി ഉയർത്തിയത്.
രണ്ടായിരത്തിലേറെ വിദ്യാർഥികളും 90ലേറെ അധ്യാപകരുമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ ശോഷിച്ച് ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 50 താഴെ വിദ്യാർഥികളും 15 അധ്യാപകരുമായി ചുരുങ്ങി.
കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും സാംസ്കാരിക രംഗത്തും സംസ്ഥാനത്തു തന്നെ ശ്രദ്ധേയരായ നേതാക്കൾ പഠിച്ച വിദ്യാലയമാണിത്. ഭൗതിക സാഹചര്യം മോശമായതാണു കൊഴിഞ്ഞുപോക്കിനു കാരണമായത്.
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആരോരും ശ്രദ്ധിക്കാതെ മാറിയ വിദ്യാലയത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഭരണതലത്തിലും വകുപ്പു തലത്തിലും പ്രശ്നം അവതരിപ്പിച്ച് മാറ്റം വരുത്തുകയാണ് ലക്ഷ്യം.
50 സെന്റ് സ്ഥലത്താണ് വിദ്യാലയം. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഈ സ്ഥലത്ത് ഹൈസ്കൂളിനു വേണ്ട സൗകര്യം നിലവിൽ ഇല്ല. സർക്കാറിന്റെയോ ട്രസ്റ്റിന്റെയോ സഹകരണത്തിൽ ആധുനിക സംവിധാനത്തിൽ പൂർവ വിദ്യാർഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.
ഇതേ ആവശ്യം ഉന്നയിച്ച് കൂട്ടായ്മയുടെ പ്രസിഡന്റും ഓണിയൻ ഹൈസ്കൂൾ റിട്ട.അധ്യാപകനുമായ പി.ബാലന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്പീക്കർ എ.എൻ.ഷംസീറിനു നിവേദനം നൽകി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവർക്കും നിവേദനം കൈമാറി. അടുത്ത ദിവസം മുഖ്യമന്ത്രിയേയും ഭാരവാഹികൾ കാണും.