സൂഫിസംഗീതവും ഗസലും നിറഞ്ഞ രാവ്

പിണറായി: ചടുലതാളത്തിലുള്ള സൂഫിഗാനങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന് സൂഫി ഗായിക അനിതാ ഷെയ്ഖ്. പാട്ടിനൊപ്പം ആസ്വാദകരെയും കൂടെകൂട്ടിയാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരിപാടി പിണറായി കൺവൻഷൻ സെന്ററിൽ നടന്നത്.
പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ പരിപാടി പെരുമ ഫെസ്റ്റിന്റെ ഭാഗമായാണ് പ്രശസ്ത സൂഫി – ഗസൽ ഗായിക അനിതാ ഷെയ്ഖ് പരിപാടി അവതരിപ്പിച്ചത്. സൂഫിയും ഭജനും ജനപ്രിയ സിനിമാ ഗാനങ്ങളും പാടി ഗായിക വേദി അവിസ്മരണീയമാക്കി.
ആബിദാ പർവീൺ, നുസ്രത്ത് ഫത്തേഹ് അലിഖാൻ തുടങ്ങിയ ഇതിഹാസ ഗായകരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനിത, പാരമ്പര്യ സൂഫിയെ അതേമട്ടിൽ പകർത്താതെ സ്വകീയമായ ശൈലിയും ഉള്ളടക്കവും പരീക്ഷിക്കാനും സദസ്സുമായി സംവദിക്കാനും ശ്രമിക്കുകയുമായിരുന്നു.
നിതിൻ വിൻസെന്റ് തബലയും ഹരി കീ ബോർഡും അമ്പാടി പെർകഷനും കെ .അനൂപ് വയലിനും എബിൻ എസ്. വിൻസൺ ബാസ് ഗിറ്റാറുമായും പിന്നണിയിൽ പ്രവർത്തിച്ചു.പെരുമ ഫസ്റ്റ് പ്രതിമാസ പരിപാടിയോട് അനുബന്ധിച്ച് ക്രിസ്‌മസ് ദിനത്തിൽ രാത്രി എട്ടിന് ചലച്ചിത്രതാരം പത്മപ്രിയയുടെ നൃത്തവിരുന്ന് അരങ്ങേറും. പിണറായി കൺവൻഷൻ സെന്ററിലാണ് പരിപാടി.