സർവകലാശാല അത്‌ലറ്റിക് മീറ്റിന് ഒരുങ്ങി ബ്രണ്ണന്റെ സിന്തറ്റിക് ട്രാക്ക്

കണ്ണൂർ:സർവകലാശാല അത്‌ലറ്റിക് മീറ്റിനു സജ്ജമായി തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിലെ സിന്തറ്റിക് ട്രാക്ക്. 16 17 തീയതികളിലായാണു കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് അത്‍ലറ്റിക് മീറ്റ് നടക്കുക.തലശ്ശേരി ഗവ ബ്രണ്ണൻ കോളജിലെ സായ്– ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന പ്രഥമ മീറ്റ് കൂടിയാണിത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച സിന്തറ്റിക് ട്രാക്കുള്ള ആദ്യ സർക്കാർ കലാലയം എന്ന ബഹുമതിയോടെയാണു മീറ്റിന് ബ്രണ്ണൻ ആതിഥേയത്വം വഹിക്കുക.
മീറ്റിൽ 53 കോളജുകൾ പങ്കെടുക്കുന്നു. 21 കായിക ഇനങ്ങളിലായി ഏതാണ്ട് 450 കായിക താരങ്ങൾ മാറ്റുരയ്ക്കും. രാജ്യാന്തര നിലവാരമുള്ള 8 ലൈൻ ട്രാക്കും ഫുട്ബോൾ മൈതാനവുമാണ് ഇവിടെയുള്ളത്.ജില്ലയിൽ കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി നിരന്തരം അധികൃതരെ അറിയിച്ച് മനോരമ നടത്തിയ ക്യാംപെയ്നിന്റെ ഫലം കൂടിയാണ് സിന്തറ്റിക് ട്രാക്ക്. സായ് ഡയറക്ടർ ജനറലായിരിക്കെ ജിജി തോംസൺ പ്രത്യേകം ശ്രദ്ധ വച്ചു.
പാർലമെന്റ് അംഗമായിരിക്കെ കെ.സുധാകരൻ പദ്ധതി നടപ്പാക്കാൻ മുന്നിൽ നിന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് സ്ഥലം സായിക്ക് കൈമാറിയത്. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ്, മുൻ എംഎൽഎമാരായ കോടിയേരി ബാലകൃഷ്ണൻ, കെ.കെ.നാരായണൻ എന്നിവരുടെ സഹകരണം ട്രാക്കിലേക്കുള്ള വഴി എളുപ്പമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ നിർമാണ പ്രവൃത്തിക്കു ശിലയിട്ടു.
കോവിഡിനെ തുടർന്ന് നിലച്ച നിർമാണ പ്രവൃത്തി ഈ വർഷം ആദ്യം പൂർത്തിയായി. അംബേദ്കർ കോളനിക്കു സമീപം കോളജിന്റെ സ്വന്തമായുള്ള 7.54 ഏക്കർ സ്ഥലത്ത് 9.75 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചത്.