ലഹരി വസ്തുക്കൾ വിൽക്കാനും പഴുതുകളുണ്ട്.. പിടികൂടിയാലും കൂളായി ഇറങ്ങിപ്പോകും

Share our post

മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയിൽ പോലീസ് ഇത്തരം വ്യാപാരികളെ പിടികൂടിയാലും ഊരിപ്പോകാൻ നിയമത്തിന്റെ പഴുതുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എട്ട് തവണയെങ്കിലും മാഹി പോലീസ് പിടികൂടിയ മാഹി കെ.ടി.സി പമ്പിന്നടുത്ത കടയിൽ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും പോലീസ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

തൊട്ട് മുമ്പ് ഇതേപോലെ പിടിച്ചപ്പോൾ നഗരസഭ ഈ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നഗരസഭാ കമ്മീഷണർ വിരമിക്കുന്ന വേളയിൽ, സസ്പെൻഷൻ പിൻവലിച്ചതിനെത്തുടർന്ന് കടതുറന്നപ്പോൾ, പോലീസിന്റെ മൂക്കിന് താഴെയുള്ള ഈ കടയിൽ വീണ്ടും വിൽപ്പന തകൃതിയായി നടക്കുകയായിരുന്നു. വിദ്യാർത്ഥികളടക്കമുള്ളവർ യഥേഷ്ടം ലഹരി വസ്തുക്കൾ വാങ്ങാൻ തുടങ്ങിയതോടെയാണ് എസ്.ഐ റീന മേരി ഡേവിഡ് പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ഇത്തരം വസ്തുക്കൾ പിടിച്ചാൽ നിയമപ്രകാരം കേവലം നൂറ് രൂപയാണ് പിഴ. പിഴയടച്ചാൽ വീണ്ടും വിൽപ്പന തുടരും. പള്ളൂരും, പന്തക്കലിലും. ഇടയിൽ പീടികയിലുമെല്ലാം ഇത്തരത്തിൽ നാടകം അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പിടിക്കും, പിഴയടക്കും, തുറക്കും. നിയമത്തിന്റെ അപര്യാപ്തതയും, പ്രമുഖരുടെ ഇടപെടലുകളും പൊലീസിനെയടക്കം മാനസികമായി തളർത്തുകയാണെന്ന പരാതി ഉയരുന്നു.

എം.ഡി.എം.എ വിപണനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ മാഹിയിലെ ഒരു കലാശാലയിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.എം.എൽ.എയുടെ ആവശ്യവും തള്ളികഴിഞ്ഞ അസംബ്ലി സമ്മേളനത്തിൽ മാഹി എം.എൽ.എ നിയമ ഭേദഗതിക്ക് ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി എം.ഡി.എം.എ. വരെയുള്ള മാരക ലഹരി ഉൽപ്പന്നങ്ങൾ മയ്യഴിയെ പിടിമുറുക്കുമ്പോൾ, ഇത്തരം കാലഹരണപ്പെട്ട നിയമങ്ങൾ പൊലീസിനെ കൂച്ചുവിലങ്ങിടുകയാണെന്ന പരാതിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!