എസ്. എഫ്.ഐ നേതാക്കളായ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

ധർമശാല : കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് എസ്. എഫ്.ഐ നേതാക്കളായ രണ്ട്വിദ്യാർഥികളെ 5 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ വിദ്യാർഥികൾ പഠിപ്പ് മുടക്കി കോളജ് ഓഫിസ് ഉപരോധിച്ചു. അവധിയിലായിരുന്ന പ്രിൻസിപ്പലിന്റെ കസേര ഓഫിസിനു പുറത്തെടുത്ത് പ്രിൻസിപ്പൽ എന്നെഴുതി വച്ചായിരുന്നു സമരം.
അവസാന വർഷ വിദ്യാർഥികളായ വി.വി.അഭിജിത്ത്, എൻ.എം.ജിഫാന എന്നിവരെയാണ് കഴിഞ്ഞ 8 മുതൽ 12 വരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം കോളജിൽ നവാഗതർക്കു നൽകിയ സ്വീകരണ പരിപാടി അർധരാത്രി കഴിഞ്ഞിട്ടും തുടർന്നപ്പോൾ അധ്യാപകർ ചോദ്യം ചെയ്തു.
ഇതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് അച്ചടക്ക നടപടിയിലേക്ക് എത്തിച്ചത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. വൈകിട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ബാലകൃഷ്ണൻ, എസ്. എഫ്.ഐ ഏരിയാ സെക്രട്ടറി ശ്രീകുമാർ എന്നിവർ കോളജ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും സസ്പെൻഷൻ പിൻവലിട്ടില്ല.