തിരുവങ്ങാടിന്റെ സകലകലാകേന്ദ്രം

തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്‌കാരിക സ്ഥാപനമാണ് തിരുവങ്ങാട് സ്‌പോർട്ടിങ് യൂത്ത്‌സ് ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ് ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്‌നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള കേന്ദ്രമായാണ് ലൈബ്രറിയുടെ കലാവിഭാഗമായ സ്പോർട്ടിങ് യൂത്ത് ആർട്സ് ആൻഡ് മ്യൂസിക് അസോസിയേഷന്റെ (ശ്യാമ) പ്രവർത്തനം. പാട്ടിനൊപ്പം നൃത്തവും വാദ്യോപകരണവും ചേരുമ്പോൾ സകലകലാകേന്ദ്രമായി ഈ ഗ്രന്ഥപ്പുര മാറുന്നു.
തുടക്കം ഒറ്റമുറിയിൽ
തിരുവങ്ങാട് അഞ്ചാംപീടികയിലെ ഒറ്റമുറിയിൽനിന്നാണ് സ്‌പോർട്ടിങ് യൂത്ത്‌സ് ലൈബ്രറിയുടെ തുടക്കം. അഞ്ഞൂറിൽപ്പരം പുസ്തകങ്ങളുമായി 1954ലാണ് ആരംഭിച്ചത്. ഇപ്പോൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി 32,000 ലേറെ പുസ്തകങ്ങളുണ്ട്. ചരിത്രശേഷിപ്പുകളുടെ ഈറ്റില്ലമായ തിരുവങ്ങാട്ടെ ചരിത്രത്തിനൊപ്പം തന്നെ ഈ ഗ്രന്ഥപ്പുരയും നടന്നു. ജില്ലയിലെ മികച്ച റഫറൻസ് ലെെബ്രറികൂടിയാണ് ഈ എ പ്ലസ് ഗ്രന്ഥശാല. 1978 ൽ ജില്ലയിലെ ഏറ്റവും നല്ല ലെെബ്രറിക്കുള്ള പുരസ്കാരവും ലഭിച്ചു. 2001 ൽ ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് സ്വന്തം കെട്ടിടം നിർമിച്ചത്. കൊൽക്കത്ത രാജാറാം മോഹൻ റോയ് ഫൗണ്ടേഷന്റെ സഹായവും ലഭിച്ചു.
ചിത്രശാല
മൂന്ന് നില കെട്ടിടത്തിൽ ലൈബ്രറിക്ക് പുറമെ ലളിതകലാ അക്കാദമി ചിത്രശാലയും പ്രവർത്തിക്കുന്നു. ഒന്നാം നിലയിൽ ലെെബ്രറി ഓഫീസും റീഡിങ് റൂമും ഫ്രെെഡേ തിയറ്ററുമാണ്. രണ്ടാം നിലയിൽ ലെെബ്രറിയും ചിത്രശാലയും മൂന്നാം നിലയിൽ മിനി കോൺഫറൻസ് ഹാളും. കുട്ടികൾക്കായി പ്രത്യേക ലെെബ്രറിയുമുണ്ട്. തായാട്ട് ശങ്കരന്റെ ‘സ്വകാര്യ ചിന്തകൾ’ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ലെെബ്രറി.
എല്ലാരും പാട്‌ണ്
ലൈബ്രറിയെ ഇന്നുള്ള നിലയിൽ വളർത്തിയെടുത്തത് അകാലത്തിൽ അന്തരിച്ച മുൻ സെക്രട്ടറി സി വി സുധാകരനാണ്. ‘എല്ലാരും പാട്‌ണ്’ തുടങ്ങിയ വേറിട്ട ആശയങ്ങൾക്ക് പിന്നിലും കർമനിരതനായ ഈ സാംസ്‌കാരിക പ്രവർത്തകനുണ്ടായിരുന്നു. തലശേരിയുടെ സാംസ്‌കാരിക രംഗത്ത് ഉണർവ് പകർന്ന കലാപ്രസ്ഥാനമായിരുന്നു ശ്യാമ.
ഒട്ടേറെ നാടകങ്ങൾക്കും നൃത്ത–-സംഗീത പരിപാടികൾക്കും ശ്യാമ വേദിയൊരുക്കി. കഥക്, ഹിന്ദുസ്ഥാനി, കർണാടിക്, ഭരതനാട്യം, തബല, ഓടക്കുഴൽ, ചെസ് എന്നിവയിലും ശ്യാമ പരിശീലനം നൽകുന്നു.
കണ്ണൂർ അഭിമാനത്തോടെ ആതിഥ്യമേകുന്ന പ്രഥമ ലൈബ്രറി കോൺഗ്രസ് വിജയിപ്പിക്കുന്നതിനും സ്‌പോർട്ടിങ് യൂത്ത്‌സ് സജീവമായി രംഗത്തുണ്ടെന്ന് പ്രസിഡന്റ് കെ കെ മാരാറും സെക്രട്ടറി എം വി സീതാനാഥും പറഞ്ഞു.