കൂത്തുപറമ്പ്: നിർദിഷ്ട കുറ്റ്യാടി -മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ സർവേക്കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. നൂറോളം കടകൾ പൊളിച്ചുമാറ്റേണ്ടിവരുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ്സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉൾപ്പെടെയുള്ള നേതാക്കളുടെ സന്ദർശനം.
കഴിഞ്ഞ ദിവസമാണ് നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ സർവേക്കല്ലുകൾ സ്ഥാപിച്ചത്. അലൈൻമെന്റ് യാഥാർഥ്യമായാൽ നൂറോളം കടകൾ പൂർണമായും ഇല്ലാതാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇത്രയും കടകൾ പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്ക ഉയർന്നതോടെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സ്ഥലം സന്ദർശിച്ചത്. റോഡ് വികസനത്തിന് വ്യാപാരികൾ എതിരല്ലെന്നും അലൈൻമെന്റ് മാറ്റി വ്യാപാരികളെ ദ്രോഹിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.
ടൗൺ ഒഴിവാക്കിയുള്ള ബദൽ റോഡിന്റെ രൂപരേഖ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, അത്തരം ബദൽ മാർഗങ്ങളെപ്പറ്റി പരിശോധിക്കാതെയാണ് നിലവിലുള്ള അലൈൻമെന്റുമായി അധികൃതർ മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപമുയർന്നത്.
വളവുകൾ ഒഴിവാക്കാനെന്നുപറഞ്ഞാണ് നിലവിലുള്ള അലൈൻമെന്റ് നടപ്പാക്കുന്നത്. ഇതാണ് ഇത്രയും കടകൾ പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ നിരവധി കടകൾ പൊളിച്ചുമാറ്റിയിരുന്നു.
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച റോഡ് നിർമാണം അടുത്തകാലത്ത് മാത്രമാണ് പൂർത്തിയായത്. ഇതിനിടയിൽ വീണ്ടും വിമാനത്താവള റോഡിന്റെ പേരിൽ കടകൾ പൊളിച്ചുമാറ്റാനുള്ള നടപടികളാണ് ആശങ്കയുയർത്തുന്നത്.
അതേസമയം, റോഡ് 24 മീറ്ററിൽ താഴെ വീതി കുറക്കുകയും ഇരുഭാഗങ്ങളിൽനിന്ന് ഒരുപോലെ സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മിക്ക കടകളും അതുപോലെത്തന്നെ നിലനിർത്താൻ കഴിയുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. കൂത്തുപറമ്പ് യൂനിറ്റ് പ്രസിഡന്റ് പി.സി. പോക്കു ഹാജി, സെക്രട്ടറി എൻ.പി. പ്രകാശൻ, എ.ടി. അബ്ദുൽ അസീസ്, കെ. അബ്ദുൽ അസീസ്, കെ.പി. നൗഷാദ്, എൻ. രാമദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.