11 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശിയായ 63-കാരന് 40 വര്‍ഷം തടവ്

തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ് (63) തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.
2014-ല്‍ നടന്ന സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയത്. ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ അഞ്ച് (എല്‍), അഞ്ച് (എം) എന്നീ വകുപ്പ് പ്രകാരം 20 വര്‍ഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 20 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും.
പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം തടവനുഭവിക്കണം. കണ്ണൂര്‍ സിറ്റി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ പടന്നയിലാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.കെ.ഷൈമ ഹാജരായി.